മണ്ഡലം പ്രസിഡന്റുമാരുടെ സ്ഥാനം തെറിച്ചു ബി.ജെ.പിയിൽ നടപടികളുടെ കാലം
കൊച്ചി: ജില്ലയിലെ ബി.ജെ.പിയിൽ നടപടികളുടെ കാലം. ചൊവ്വാഴ്ച ആറ് മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയത് പാർട്ടി പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ബ്രഹ്മപുരം മാർച്ചിന് വേണ്ട പിന്തുണ നൽകാത്തതിനാൽ. വേറെയും മണ്ഡലം പ്രസിഡന്റുമാർ സ്ഥാന നഷ്ടഭീഷണിയിലാണ്.
കഴിഞ്ഞ നവംബറിൽ പുതിയ ജില്ലാ പ്രസിഡന്റായി കെ.എസ്.ഷൈജു ചുമതലയേറ്റ ശേഷം പോഷക സംഘടനകളെല്ലാം പുന:സംഘടിപ്പിച്ചിരുന്നു. രണ്ട് മാറ്റങ്ങളിലും
നഷ്ടങ്ങളുണ്ടായത് സുരേന്ദ്രൻ വിരുദ്ധപക്ഷക്കാർക്കാണ്. ഇതിന്റെ പേരിൽ സംഘടനയ്ക്കുള്ളിൽ അതൃപ്തിയും അസ്വസ്ഥതകളുമുണ്ടെങ്കിലും ആരും മുന്നോട്ടുവന്നിട്ടില്ല. കടുത്ത നടപടികളെ ഭയന്നാണ് മൗനം.
രാജേഷ് ആന്റണി (കൊച്ചി ), ഷിബു ആന്റണി (പാലാരിവട്ടം), ഷിജുമോൻ (വടക്കേക്കര ), പ്രഭ പ്രശാന്ത് ( പിറവം ), പി.സി.വിനോജ് ( കോലഞ്ചേരി ), ലത ഗോപിനാഥ് ( തൃക്കാക്കര) എന്നിവർക്കാണ് ചൊവ്വാഴ്ച സ്ഥാനനഷ്ടമുണ്ടായത്. പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് ഒരുമാസത്തെ ലീവെടുത്ത് ലണ്ടനിൽ പോയതാണ്. രണ്ട് മാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തൃക്കാക്കര പ്രസിഡന്റിനെതിരെ സ്വന്തം കമ്മിറ്റിയിൽ നിന്ന് പരാതി പ്രവാഹമായിരുന്നു.
മണ്ഡലം പ്രസിഡന്റുമാരെ മാറ്റാൻ കാരണം സംഘടനാ പ്രവർത്തനങ്ങളിൽ അലസത കാട്ടിയതുകൊണ്ടെന്നാണ് വിശദീകരണം. മാറ്റപ്പെട്ടവരിൽ എതിർപക്ഷത്തെ പ്രധാന സഹയാത്രികരുണ്ട്.
സംസ്ഥാന പ്രസിഡന്റ് നയിച്ച ബഹുജന മാർച്ചിൽ കൂടുതൽ പങ്കാളിത്തം ഉണ്ടാവേണ്ട തൃക്കാക്കര, പാലാരിവട്ടം, കോലഞ്ചേരി, കൊച്ചി മണ്ഡലങ്ങളിൽ ഇതിനായി ഒരു തയ്യാറെടുപ്പും നടത്തിയിരുന്നില്ലെന്നാണ് വിവരം. മറ്റ് മണ്ഡലങ്ങളിൽ നിന്നുള്ളവർ സജീവമായിരുന്നതിനാലാണ് നാണം കെടാതെ രക്ഷപ്പെട്ടതത്രെ.
ജനുവരിയിൽ നടന്ന മണ്ഡലം പ്രസിഡന്റുമാരുടെ പദയാത്രയിലും ഇവർ പരാജയമായി. കേന്ദ്രസസർക്കാർ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനുള്ള ഗൃഹസമ്പർക്കം നടത്തിയില്ല. ജില്ലാ ഫണ്ടുപിരിവിൽ ദയനീയ പരാജയം എന്നിവയുടെ പേരിൽ ജില്ലാ കമ്മിറ്റി മണ്ഡലങ്ങളുടെ ഭാരവാഹികളിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇവരുടേതും ദുർബലമായ മണ്ഡലങ്ങളിലെയും പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ പാർട്ടി കമ്മിറ്റിയെയും നിയോഗിച്ചേക്കും.
പുതിയ മണ്ഡലം പ്രസിഡന്റുമാർ
കെ.കെ.രാജേഷ് (കൊച്ചി ) പ്രെസ്റ്റി പ്രസന്നൻ (പാലാരിവട്ടം) സിമി തിലകൻ ( വടക്കേക്കര ) സിജു ഗോപാലകൃഷ്ണൻ (പിറവം ) ഒ.എം. അഖിൽ (കോലഞ്ചേരി ), സി.കെ.ബിനുമോൻ (തൃക്കാക്കര )