വീണ്ടും കൊവിഡ് ഭീതിയിൽ ജില്ല; ആശങ്ക വേണ്ടെന്ന് അധികൃതർ
കൊച്ചി: ജില്ലയിൽ കൊവിഡ് കേസുകളിൽ പ്രതിദിനം വർദ്ധന വരുന്നതോടെ ജനങ്ങൾ ജാഗരൂകരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആവശ്യമായ മുൻകരുതലുകൾ എല്ലാവരും എടുക്കമെന്നും ഡി.എം.ഒ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ വർദ്ധന ഉണ്ടായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. തിരുവനന്തപുരം കഴിഞ്ഞാൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21ന് ഇറക്കിയ കൊവിഡ് രോഗികളുടെ കണക്ക് പ്രകാരം തിരുവനന്തപുരം ജില്ലയിൽ 39 കേസുകളും എറണാകുളത്ത് 28 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
മാസ്ക് മുഖ്യം
ജില്ലയിൽ എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പൊതുസ്ഥലങ്ങളിൽ ഇത് നിർബന്ധമായും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കുള്ള ഐ.സി.യു ആണ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
പനിയും വില്ലനാകുന്നു
ജില്ലയിലെ പനിബാധിതരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണക്കുകൾ. കഴിഞ്ഞ പത്ത് ദിവസത്തെ കണക്ക് പ്രകാരം 11ന് ജില്ലയിൽ 384 പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയതെങ്കിൽ 21ന് അത് 471 ആയി വർദ്ധിച്ചു. ഒപ്പം ഡെങ്കിപ്പനി, എലിപ്പനി, എച്ച്1. എൻ1 എന്നിവയും ജില്ലയിൽ പലയിടങ്ങളിലായി സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 11, മാർച്ച് 15 എന്നീ ദിവസങ്ങളിലാണ് ജില്ലയിൽ എച്ച്1. എൻ1 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിൽ 11 മുതൽ 21 വരെ 4406 പേർക്ക് പനിയും 71 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും 6 പേർക്ക് എച്ച്1.എൻ.1 ഉം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കൊവിഡ് ബാധിതർ
മാർച്ച് 21- 28
20- 23
19- 17
18-17
17-30
16- 21
14- 20
13- 17
12- 17
11- 12