മാലിന്യം തള്ളുന്നവരെ പിടിക്കാൻ എൻഫോഴ്സ്മെന്റ് ടീം രംഗത്ത്

Friday 24 March 2023 12:23 AM IST

തൃക്കാക്കര: മാലിന്യം റോഡരികിൽ തള്ളുന്നവരെ പിടിക്കാൻ എൻഫോഴ്സ്മെന്റ് ടീം രംഗത്തിറങ്ങി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തിൽ രൂപീകരിച്ച എൻഫോഴ്സ്മെന്റ് ടീം തൃക്കാക്കര നഗരസഭാ പരിധിയിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരോടൊപ്പം മാലിന്യം വലിച്ചെറിഞ്ഞ പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വാഹനങ്ങളിലെത്തി റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിയിന്റെയും പൊലീസിന്റെയും സഹായം തേടും. സി.സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന കർശനമാക്കും. മാലിന്യം കൊണ്ടു വന്നു തള്ളുന്ന വാഹന ഉടമകളെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ മോഹനൻ സി.കെ (അസി. കോ- ഓർഡിനേറ്റർ- ശുചിത്വ മിഷൻ ) സജീർ ടി .എസ്യ , ( ടെക്നിക്കൽ കൺസൾറ്റന്റ്- ശുചിത്വ മിഷൻ ) എന്നിവരോടൊപ്പം തൃക്കാക്കര നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിതീഷ് റോയ്, അമൽ അറക്കൽ എന്നിവർ നേതൃത്വം നൽകി.