ഇസാഫ് ബാങ്ക് ഇടപാടുകാർക്ക് ജിയോജിത് ത്രീ ഇൻ വൺ അക്കൗണ്ട് സൗകര്യം

Friday 24 March 2023 1:13 AM IST
ജിയോജിത് ത്രീഇൻവൺ അക്കൗണ്ട് സൗകര്യം

കൊച്ചി: പ്രമുഖ നിക്ഷേപസേവനദാതാക്കളായ ജിയോജിത്, ഇസാഫ് ബാങ്കുമായിച്ചേർന്ന് ഇസാഫ് ഉപഭോക്താക്കൾക്ക് ത്രീഇൻവൺ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നൽകുന്നു. ഇതോടെ, ഇസാഫ്‌ സേവിംഗ്സ് അക്കൗണ്ട് ഇടപാടുകാർക്ക് സൗജന്യമായി ജിയോജിത് ഡിമാറ്റ് അക്കൗണ്ടുംട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാൻ കഴിയും. ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്ക് ഈട്രേഡിംഗ് അക്കൗണ്ടിലൂടെ ജിയോജിത് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ നിക്ഷേപ സംവിധാനങ്ങളിൽ എളുപ്പം നിക്ഷേപിക്കാൻ സാധിക്കും. യു.പി.ഐ, നെഫ്റ്റ് സംവിധാനങ്ങളിലൂടെ നിക്ഷേപത്തിനായുള്ള പണമയക്കാനും ത്രീഇൻവൺ അക്കൗണ്ട് സഹായിക്കും. 2024 മാർച്ചിനു മുമ്പ് അക്കൗണ്ടു തുറക്കുന്നവർക്ക് വാർഷിക മെയിന്റനൻസ് ചാർജി​ൽ ഇളവും ബ്രോക്കറേജ് പ്‌ളാനിൽ ആനുകൂല്യവും ലഭ്യമാകും. ഇസാഫിന്റെ ഇടപാടുകാർക്ക് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ പരിചയപ്പെടുത്തുക വഴിസേവനം വിപുലീകരിക്കുകയെന്ന ലക്ഷ്യമാണ് ജിയോജിതുമായിച്ചേർന്ന് നടപ്പാക്കുന്നതെന്ന് ഇസാഫ് ബാങ്ക് എക്‌സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റ്‌ ജോർജ് കെ. ജോൺ പറഞ്ഞു. ഇസാഫ് അതിന്റെ വാർഷികം ആഘോഷിക്കുന്നവേളയിൽ ജിയോജിത്തുമായി സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായത് വളരെ സന്തോഷം നൽകുന്നു.

നിക്ഷേപ സംവിധാനങ്ങളുടേയും സമ്പത്ത് നിർമ്മാണത്തിന്റേയും പുതിയൊരുലോകം തന്നെയാണ് ഇസാഫ് ബാങ്ക് ഉപഭോക്താക്കൾക്കു മുന്നിൽതുറക്കുന്നതെന്ന് ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടർ സതീഷ്‌മേനോൻ പറഞ്ഞു. പ്രത്യേകം രൂപകല്പന ചെയ്ത ത്രീഇൻവൺ അക്കൗണ്ടുകൾ ഓഹരികളിലും വിവിധ സാമ്പത്തിക ഉത്പന്നങ്ങളിലും ട്രേഡിംഗ് എളുപ്പമാക്കും. അതിവേഗം അക്കൗണ്ടു തുറക്കാൻ കഴിയുന്നതിനാൽ മിനിട്ടുകൾക്കകം നിക്ഷേപിക്കാനും ഒറ്റ അക്കൗണ്ടിൽ തന്നെ നിക്ഷേപങ്ങളുടെ വൈവിധ്യവത്കരണത്തിനും സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.