* അഗ്നിരക്ഷാ സേനയ്ക്ക് കേരളകൗമുദിയുടെ ആദരം * ബ്രഹ്മപുരം ലോകം നമിച്ച അപൂർവ ദൗത്യം: ഡോ. ബി. സന്ധ്യ

Friday 24 March 2023 4:30 AM IST

കൊച്ചി: പരിമിതികൾക്കു നടുവിൽ പകച്ചുനില്ക്കാതെ ധൈര്യവും മികവും കൊണ്ട് ബ്രഹ്മപുരം ദൗത്യം വൻവിജയമാക്കിയ കേരളത്തിന്റെ അഗ്നിരക്ഷാസേന ലോകത്തെ അമ്പരപ്പിച്ചതായി ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ. ബ്രഹ്മപുരത്തെ അഗ്നിനാളങ്ങൾക്കും വിഷപ്പുകയ്ക്കും നടുവിൽ 13 ദിവസവും രാവും പകലും പോരാടിയ സേനാംഗങ്ങളെ ആദരിക്കാൻ കേരളകൗമുദി സംഘടിപ്പിച്ച പ്രൗഢഗംഭീര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന മാലിന്യമലകൾ കത്തിയപ്പോൾ വിദേശങ്ങളിലെ ഉൾപ്പെടെ വിദഗ്ദ്ധർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളേക്കാൾ പ്രായോഗികവും ഫലപ്രദവും കേരള ഫയർഫോഴ്‌സിന്റെ പ്രതിരോധ നടപടികളായിരുന്നു. കേരളത്തെ നടുക്കിയ ദുരന്തത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹാരം കാണാൻ കഴിഞ്ഞു. സേനാംഗങ്ങളുടെ എണ്ണത്തിലും ആധുനിക സംവിധാനങ്ങളിലും കുറവുണ്ടായിട്ടും ദുരന്തമേഖലകളിൽ ധൈര്യപൂർവം കടന്നു ചെന്ന് ദൗത്യങ്ങൾ വിജയമാക്കിയ ചരിത്രമാണുള്ളതെന്നും ഡോ. ബി. സന്ധ്യ പറഞ്ഞു.

റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ,
സ്റ്റേഷൻ ഓഫീസർമാരായ ടി.ബി. രാമകൃഷ്ണൻ (ഗാന്ധിനഗർ), പി.എം. അനിൽകുമാർ (മുളന്തുരുത്തി), എൻ. എച്ച്. അസൈനാർ (പട്ടിമറ്റം), കെ.ടി. അശോക് കുമാർ (പിറവം), ഡെൽവിൻ ഡേവിസ് (ക്ലബ് റോഡ്), കെ.എസ്. ഡിബിൻ (അങ്കമാലി), എസ്. ജയചന്ദ്രൻ (മട്ടാഞ്ചേരി),ജോസ് ജെയിംസ് (ആലുവ), മനോഹരൻ (തൃപ്പൂണിത്തുറ), വി.ജിറോയ് (നോർത്ത് പറവൂർ), ആർ. രാജേഷ് കുമാർ (മൂവാറ്റുപുഴ), ആർ.അഭിജിത്ത് ( കൂത്താട്ടുകുളം), എസ്.കെ.സന്ദീപ് ( കല്ലൂർക്കാട്), എ. മനു (കോതമംഗലം), ടി.കെ.സുരേഷ് (പെരുമ്പാവൂർ), കെ.എൻ. സതീശൻ (തൃക്കാക്കര), അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ബി. രാജേഷ് കുമാർ (വൈപ്പിൻ), ടി.പി. ഗോപകുമാർ (ഏലൂർ), മോട്ടോർ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ ഓഫീസർ ആന്റണി ഫ്രാൻസിസ്, സിവിൽ ഡിഫൻസ് റീജിയണൽ വാർഡൻ അനു ചന്ദ്രശേഖർ, ഡിവിഷണൽ വാർഡൻ ബിനു മിത്രൻ, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ നിമ ഗോപിനാഥ് എന്നിവരെ പുരസ്‌കാരങ്ങൾ നല്കി ആദരിച്ചു.
കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എം.എൽ.എ, റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ എന്നിവർ പ്രസംഗിച്ചു. ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ സ്വാഗതവും മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ റോയ് ജോൺ നന്ദിയും പറഞ്ഞു.