മെഡി. പ്രവേശനം: കേന്ദ്ര അലോട്ട്മെന്റ് ഇക്കൊല്ലം നടക്കില്ല

Friday 24 March 2023 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം കേന്ദ്ര പൊതുപ്രവേശന കൗൺസലിംഗ് വഴിയാക്കുന്നത് ഇക്കൊല്ലം നടപ്പാവില്ല.

സംസ്ഥാനത്ത് ഇക്കൊല്ലത്തെ മെഡിക്കൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്താനും, ഇരുപതോളം കാറ്റഗറിക്ക് സംവരണം നിശ്ചയിച്ചും പ്രോസ്പെക്ടസ് പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കലും ഓപ്ഷൻ രജിസ്ട്രേഷനും തുടങ്ങി. ഇതിൽ ഇനി മാറ്റം വരുത്താനാവില്ല.

നിലവിൽ എം.ബി.ബി.എസിന്റെ 85%, പി.ജി കോഴ്സുകളിൽ 50% സീറ്റുകളിൽ എൻട്രൻസ് കമ്മിഷണറാണ് പ്രവേശനം നടത്തുന്നത്. സ്വാശ്രയ കോളേജുകളിൽ എൻ.ആർ.ഐ ക്വോട്ടയിലടക്കം മുഴുവൻ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്.

എല്ലാ മെഡിക്കൽ സീറ്റുകളിലേക്കും പ്രവേശനം നടത്താനുള്ള കേന്ദ്ര തീരുമാനം,

വിവിധ സംസ്ഥാനങ്ങളിൽ മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്.

സംസ്ഥാനങ്ങളിലെ സംവരണം അതേപടി പാലിച്ചാവും അലോട്ട്മെന്റെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും, ഒറ്റ കൗൺസലിംഗിൽ കേന്ദ്ര സംവരണമാവും ബാധകമാവുകയെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക. കേന്ദ്ര പട്ടികയിലില്ലാത്ത പല വിഭാഗങ്ങളും സംസ്ഥാനത്ത് സംവരണ പട്ടികയിലുണ്ട്.മെഡിക്കൽ പ്രവേശനം കേന്ദ്രം ഏറ്റെടുക്കുന്നതിനെക്കുറിച്ച് തമിഴ്നാടുമായി ആലോചിച്ച് തുടർനടപടികളെടുക്കാൻ ആരോഗ്യ സെക്രട്ടറിയെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും സർക്കാർ ചുമതലപ്പെടുത്തി.

നിലവിൽ നാല്

അലോട്ട്മെന്റ്

എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ 4 അലോട്ട്മെന്റുകളുണ്ടാവും. റൗണ്ട് 1, 2, മോപ് അപ്, സ്ട്രേ വേക്കൻസി എന്നിവ. ഒന്നാം റൗണ്ടിൽ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒന്നാം റൗണ്ടിൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തിയവർക്കാണ് രണ്ടാം റൗണ്ടിൽ പങ്കെടുക്കാനാവുക. പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താനാവില്ല. ഓപ്ഷൻ പുന:ക്രമീകരണത്തിനേ സൗകര്യമുണ്ടാവൂ. ആദ്യ റൗണ്ടുകളിൽ പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിച്ചവർ, ഒന്നാം റൗണ്ടിൽ ഓപ്ഷൻ നൽകിയെങ്കിലും പിന്നീട് അലോട്ട്മെന്റ് ലഭിക്കാത്തവർ എന്നിവർക്ക് മോപ് അപ് റൗണ്ടിൽ പുതുതായി ഓപ്ഷൻ നൽകാം.

മോപ് അപ് റൗണ്ടിനു ശേഷവും ഒഴിവുള്ള സീറ്രുകൾ സ്ട്രേ വേക്കൻസി റൗണ്ടിൽ നികത്തും. . പുതുതായി ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാനാവില്ല. മോപ് അപ് റൗണ്ടിലെ ഓപ്ഷനുകളാവും പരിഗണിക്കുക. കോളേജ് തലത്തിലാവും അലോട്ട്മെന്റ്. ഒഴിവുള്ള എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ മെരിറ്റിലേക്ക് മാറ്റും.

.