കേര കർഷകരെ ആദ്യം പരിഗണിക്കണം: ഋഷി പല്പു

Friday 24 March 2023 1:10 AM IST

തൃശൂർ: കേരളത്തിന്റെ കാർഷിക പുരോഗതിയും ജനങ്ങളുടെ ക്ഷേമവുമാണ് ബി.ജെ.പിയുടെ ലക്ഷ്യമെങ്കിൽ കേരകർഷകരെയാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് ഋഷി പല്പു പറഞ്ഞു. 6.25 ലക്ഷം കേരകർഷകരുടെ ആവശ്യം കണക്കിലെടുക്കണം. നാളികേര വികസനബോർഡിന്റെ കണക്ക് പ്രകാരം പ്രതിവർഷം 200 കോടി കിലോ തേങ്ങ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കർഷകരിൽ നിന്ന് ഒരു കിലോ തേങ്ങ പോലും നാഫെഡ് സംഭരിച്ചുമില്ല. അതുകൊണ്ടുതന്നെ പൊതുവിപണിയിലെ ചാഞ്ചാട്ടം കാരണം 1400 കോടി രൂപ കർഷകർക്ക് നഷ്ടമുണ്ടായി. ബി.ജെ.പി ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിയാണെങ്കിൽ തേങ്ങയുടെ തറവില 32 രൂപയായി നിശ്ചയിക്കണമെന്നും ഋഷി പല്പു ആവശ്യപ്പെട്ടു.

റബറിലൂടെ ക്രിസ്തുമതത്തെ പാട്ടിലാക്കി കേരളം കൈപ്പിടിയിലൊതുക്കാമെന്ന ബി.ജെ.പി യുടെ കണക്കുകൂട്ടൽ വെറും വ്യാമോഹം മാത്രമാണ്.റബറിന് 300 രൂപ വിലനല്കിയാൽ കേരളത്തിൽ നിന്ന് എം.പി മാരെ സംഭാവന നല്കാമെന്ന താമരശേരി ബിഷപ്പിന്റെ പ്രസ്താവനയും അതിനോടുള്ള ബി.ജെ.പിയുടെ നിലപാടും അപഹാസ്യമാണ്. ആത്മാർത്ഥമായ കർഷക ക്ഷേമമാണ് ലക്ഷ്യമെങ്കിൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് ആവശ്യം. നാലു ലക്ഷം മാത്രം വരുന്ന റബർകർഷകരെ ഉദ്ധരിച്ചതുകൊണ്ടുമാത്രം കേരളത്തിലെ കാർഷികമേഖല പുഷ്ടിപ്പെടുത്താനാവില്ല. അതിനേക്കാൾ പലമടങ്ങാണ് നാളികേര കർഷകരുടെ എണ്ണം. ഉത്പന്നത്തിന് ന്യായവിലപോലും അവർക്ക് ലഭിക്കുന്നില്ല. നിലവിൽ ഒരുകിലോ നാളികേരത്തിന് ലഭിക്കുന്ന പരമാവധി വില 25 രൂപയാണ്. അത് 32 രൂപയാക്കി ഉയർത്തണമെന്ന കേരകർഷകരുടെ നിരന്തര മുറവിളിക്ക് മുഖം കൊടുക്കാത്തവരാണ് റബർ വില 300 രൂപയായി ഉയർത്താമെന്ന് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഋഷി പല്പു പ്രസ്താവനയിൽ പറഞ്ഞു.