ജില്ലാ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സാവിഭാഗം ആരംഭിച്ചു

Friday 24 March 2023 12:12 AM IST

പത്തനംതിട്ട : അയിരൂർ ജില്ലാ ആയുർവേദാശുപത്രിയുടെ കിടത്തി ചികിത്സാവിഭാഗം അറ്റകുറ്റപ്പണികൾക്ക് ശേഷം പുനരാരംഭിച്ചു. ആശുപത്രിയുടെ പുന:പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദാശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി എസ് പൈ, വൈസ് പ്രസിഡന്റ് സാറാ തോമസ്, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകർ, ഡോ.മനോജ് എം എന്നിവർ സംസാരിച്ചു. ഐ. പി, ഒ.പി. വിഭാഗങ്ങൾ നവീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സൗജന്യ നിരക്കിൽ രക്തപരിശോധനയ്ക്കുള്ള ലാബും എക്‌സറേ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന എച്ച്. എം.സി സ്റ്റോറിൽ മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാണ്. ഈ സേവനങ്ങൾ എല്ലാ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.