കരാർ പുതുക്കാതെ സോണ്ട പ്രവൃത്തി പുനരാരംഭിച്ചത് എങ്ങനെ? ഞെളിയൻപറമ്പിൽ ഉത്തരംതേടി പ്രതിപക്ഷം

Friday 24 March 2023 12:54 AM IST

കോഴിക്കോട്: ഞെളിയൻപറമ്പിൽ മാലിന്യക്കൂമ്പാരത്തിന്റെ ഉയരം കുറയ്ക്കണമെന്നുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തിന് മറവിൽ ബ്രഹ്മപുരത്തെ വിവാദ കമ്പനി സോണ്ടയ്ക്ക് കരാർ പുതുക്കി നൽകുന്നതിന് മുമ്പുതന്നെ വീണ്ടും പ്രവൃത്തി ചുമതല ഏൽപ്പിച്ച നടപടിയിൽ ദുരോഹതയുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ്. കൗൺസിലിനെ മറികടന്നാണ് ഇത്തരം നീക്കമെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. 2019ൽ ആറ് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കണമെന്ന കരാർ തുടർച്ചയായി ലംഘിക്കുകയും മൂന്ന് വർഷത്തോളം വൈകിക്കുകയും ചെയ്ത സോണ്ട കമ്പനിയെ പ്രവൃത്തി പൂർത്തിയാക്കാൻ കോർപ്പറേഷൻ അധികാരികൾ വീണ്ടും ചുമതലപ്പെടുത്തിയതിനെതിരെയാണ് യു.ഡി.എഫിന്റെ ആരോപണം.

ഉത്തരവാദിത്വം നിർവഹിക്കാതെ നാല് തവണ കാലാവധി നീട്ടി വാങ്ങിയ കമ്പനിയാണിത്. കരിമ്പട്ടികയിൽ ചേർക്കുകയാണ് വേണ്ടത്. പ്രവൃത്തി ഭാഗികമായി പോലും പൂർത്തീകരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബയോമൈനിംഗ് പ്രവൃത്തിക്ക് 7.75 കോടിയുടെ കരാർ ഏറ്റെടുത്ത കമ്പനി കോർപ്പറേഷനിൽ നിന്നും പണം തട്ടാനാണ് ശ്രമിക്കുന്നത് .അതിന് സമ്മർദ്ദം ചെലുത്തുന്ന സർക്കാറിന് കോർറേഷൻ ഭരണകൂടം വഴങ്ങരുതെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിതയും ഉപനേതാവ് കെ. മൊയ്തീൻകോയയും ആവശ്യപ്പെട്ടു. ഈ കമ്പനിക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തിന് മറവിൽ വീണ്ടും പ്രവൃത്തി ഏൽപ്പിച്ച് നൽകുന്നത് അനീതിയാണ്.

ഒരാഴ്ച മുമ്പ് രഹസ്യമായാണ് സോണ്ട കമ്പനിയെ കോർപ്പറേഷൻ വീണ്ടും പ്രവൃത്തി ഏൽപ്പിച്ചത്. കാലാവധി കഴിഞ്ഞ കമ്പനിയെ എന്തിന്റെ പേരിലാണെങ്കിലും വീണ്ടും പ്രവൃത്തി ഏൽപ്പിക്കുന്നതിന് കൗൺസിലിന്റെ അനുമതി ആവശ്യമുണ്ട്. കൗൺസിലിലോ സ്റ്റാൻഡിംഗ് കമ്മിറ്റിയോ അതിലുപരി മേയറുടെ മുൻകൂർ അനുമതിയോ ഒന്നും ഇതിൽ ഇല്ലാതെ സോണ്ടാ കമ്പനിയെ പ്രവൃത്തി നടത്താൻ അനുമതി നൽകിയ നടപടി റദ്ദാക്കണം. ഉത്തരവാദിത്തപ്പെട്ട മറ്റൊരു സ്ഥാപനത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവൃത്തി ഏൽപ്പിക്കണം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവും കോർപ്പറേഷൻ ഭരണാധികാരികളും നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.