ആശുപത്രിയിലെ പീഡനം, മൊഴിമാറ്റാൻ നിർബന്ധിച്ച ജീവനക്കാരിയെ പിരിച്ചുവിട്ടു, 5 വനിതാ ജീവനക്കാർക്ക് സസ്പെൻഷൻ
യുവതിയെ സ്വാധീനിക്കാൻ ശ്രമം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ, ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. നഴ്സിംഗ് അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ച് വനിത ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പ്രതിയായ അറ്റൻഡർക്ക് അനുകൂലമായി മൊഴിമാറ്റാൻ യുവതിയെ നിർബന്ധിച്ചതിനാണ് നടപടി.
താത്കാലിക ജീവനക്കാരി ദീപയെയാണ് പിരിച്ചുവിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ.പി.ഇ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റായ പ്രസീത മനോളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പീഡനത്തെക്കുറിച്ച് അന്വേഷിക്കുന്ന ആശുപത്രി വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നടപടി. അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു.
സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പ്രതിയായ അറ്റൻഡർ ശശീന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീർക്കണമെന്നും സി.ആർ.പി.സി164 പ്രകാരം മജിസ്‌ട്രേറ്റിനും പൊലീസിനും നൽകിയ മൊഴി കളവാണെന്നു പറയണമെന്നുമാണ് ജീവനക്കാർ നിർബന്ധിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ബുധനാഴ്ച പലതവണ യുവതിയെ സമീപിച്ചിരുന്നു. യുവതിയുടെ മാനസിക നില ശരിയല്ലെന്ന വ്യാജപ്രചാരണവും നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ശസ്ത്രക്രിയയ്ക്കുശേഷം ഐ.സി.യുവിൽ അർദ്ധബോധാവസ്ഥയിൽ കിടന്ന യുവതിയെ അറ്റൻഡർ പീഡിപ്പിച്ചത്.
യുവതിക്ക് സുരക്ഷ
ആശുപത്രിയിൽ യുവതിക്ക് സുരക്ഷ ഏർപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന മുറിയുടെ പുറത്ത് വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ നിയോഗിച്ചു. അനുവാദമില്ലാതെ ആരേയും പ്രവേശിപ്പിക്കില്ല. യുവതിക്ക് സൗജന്യ ചികിത്സ നൽകണമെന്നും ദൈനംദിന ആരോഗ്യനില റിപ്പോർട്ട് ചെയ്യണമെന്നും സർജറി വകുപ്പു മേധാവിക്ക് ആശുപത്രി സൂപ്രണ്ട് നിർദ്ദേശം നൽകി.