സോണിക്കും മകനും സ്നേഹത്തണലേകി ആശ്രയ

Friday 24 March 2023 12:38 AM IST

കൊട്ടാരക്കര: മാനസിക വിഭ്രാന്തിയിൽ വീടുവിട്ടിറങ്ങിയ അമ്മക്കും ചലനശേഷി ഇല്ലാത്ത മകനും സ്നേഹത്തണലേകി കലയപുരം ആശ്രയ സങ്കേതം. മഹാരാഷ്ട്രയിലെ പൂണെ

സ്വദേശിനിയായ സോണി(40) മകൻ രൺബീർ സിംഗ്( 13) എന്നിവരെയാണ് ആശ്രയസങ്കേതം ഏറ്റെടുത്തത്. 20 ദിവസം മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റുഫോമിലിരുന്ന് നിലവിളിക്കുന്ന സോണിയെയും അവശനായ മകൻ രൺവീർ സിംഗിനെയും പൊലീസും

ശിശുക്ഷേമ സമിതി പ്രവർത്തകരും ചേർന്ന് പേരൂർക്കട മനോരോഗ ആശുപത്രിയിൽ എത്തിച്ചു. സ്വന്തം മേൽവിലാസം പോലും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്ന രണ്ടുപേരും.

ചികിത്സക്ക് ശേഷം സോണിയെയും മകനെയും ഡിസ്ചാർജ് ചെയ്തെങ്കിലും ഇവർക്ക് തുടർ സംരക്ഷണവും പരിചരണവും നൽകാൻ ആരും തയ്യാറായില്ല. ഒടുവിൽ തിരുവനന്തപുരം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ അഡ്വ.ഷാനിബ ബീഗം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസുമായി ബന്ധപ്പെട്ട് കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. സോണിയെയും മകനെയും ഉറ്റവരെ കണ്ടെത്തി ഏൽപ്പിക്കുന്നതുവരെ ആശ്രയ സങ്കേതത്തിൽ സംരക്ഷിക്കുമെന്ന് കലയപുരം ജോസ് പറഞ്ഞു.