വിഴിഞ്ഞം തുറമുഖം, സഹ. ബാങ്കുകൾ 550 കോടി വായ്പ നൽകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം വേഗത്തിലാക്കാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് തുറമുഖ വകുപ്പിന് 550 കോടിയുടെ അടിയന്തര വായ്പ നൽകും.
പുലിമുട്ട് നിക്ഷേപത്തിന്റെ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് 347 കോടിയും, റെയിൽ കണക്ടിവിറ്റിക്ക് ഭൂമി ഏറ്റെടുക്കാൻ 103 കോടിയും, തുറമുഖ അനുബന്ധ റോഡ് നിർമ്മാണത്തിന് 100 കോടിയുമാകും ഇതിൽ നിന്ന് നൽകുക. ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും പങ്കെടുത്തു. ഇന്ന് ചേരുന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാവും അന്തിമ തീരുമാനം. ആദ്യ ഗഡുവിനായി അദാനി ഗ്രൂപ്പ് പല തവണ കത്ത് നൽകിയിട്ടും, മതിയായ ഫണ്ടില്ലാത്തത് തുറമുഖ വകുപ്പിനെ കുഴക്കിയിരുന്നു. അടിയന്തരമായി 100 കോടി നൽകാനായിരുന്നു സഹകരണ-തുറമുഖ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലുണ്ടായ ധാരണ. എന്നാൽ മുഖ്യമന്ത്രി നടത്തിയ അപ്രതീക്ഷിത ഇടപെടലിലാണ് ആദ്യ ഗഡു മുഴുവൻ നൽകാൻ ധാരണയായത്.