ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് സാങ്കേതിക യൂണി. വി.സി

Friday 24 March 2023 12:54 AM IST

തിരുവനന്തപുരം: സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് പ്രൊഫ. സിസാ തോമസ് മറുപടി നൽകി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും, വിസി സ്ഥാനം ഏറ്റെടുത്തത് ഗവർണറുടെ നിർദേശ പ്രകാരമാണെന്നുമാണ് വിശദീകരണം.

വി.സിയുടെ അധിക ചുമതല വഹിക്കുന്നതിനിടയിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചതായും വ്യക്തമാക്കി..

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സിസയെ സസ്പെൻഡ് ചെയ്യാൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ നടപടി. നേരത്തേ സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് സർക്കാർ മാറ്റിയിരുന്നു.സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസും, അതിലെ തുടർനടപടികളും സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചിരുന്നു. നോട്ടീസ് നൽകാൻ ഇടയായ സാഹചര്യങ്ങൾ വിശദീകരിച്ച് റിപ്പോർട്ട്‌ നൽകാൻ ജസ്റ്റിസ് സി.കെ. അബ്ദുൽറഹീം അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.