ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി പരാധീനതകൾ മറികടക്കാൻ 88.21 കോടിയുടെ വികസന പദ്ധതി

Friday 24 March 2023 12:59 AM IST

കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പരാധീനതകൾ വൈകാതെ മാറും. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് ഇ.എസ്.ഐ ഡയറക്ടർ ജനറൽ രാജേന്ദ്രകുമാർ വിളിച്ചു ചേർത്ത യോഗത്തിൽ ആശുപത്രിയുടെ വികസനത്തിന് 88.21 കോടിയുടെ സമഗ്ര വികസന പദ്ധതി നടപ്പാക്കാൻ ധാരണയായി.

നിലവിലെ കെട്ടിടത്തിൽ കൂടുതൽ നിലകൾ കെട്ടുന്നതിനുളള 26 കോടിയുടെ വികസനത്തിനുളള പദ്ധതിയാണ് നേരത്തെ പരിഗണിച്ചിരുന്നത്. എന്നാൽ,​ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ വികസനത്തിനായി സമ്പൂർണ സമഗ്ര പദ്ധതി വേണമെന്ന എം.പി യുടെ ആവശ്യത്തെ തുടർന്നാണ് 88.21 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. പുതിയ പദ്ധതി പ്രകാരം നിലവിലെ കെട്ടിടത്തിന്റെ പുതുക്കി പണിയൽ, കൂടുതൽ നിലകൾ നിർമ്മിക്കൽ, കെട്ടിടത്തിന്റെ ശാക്തീകരണം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ രാജേന്ദ്രകുമാർ, ചീഫ് എൻജിനിയർ ലെഫ്റ്റനന്റ് കേണൽ കനൽ മണ്ടൽ, ഇൻഷ്വറൻസ് കമ്മിഷണർ സി.വി.ജോസഫ് എന്നിവർ പങ്കെടുത്തു.

പുത്തൻ സംവിധാനങ്ങൾ

ആശുപത്രിയിൽ ചൂട് വെളളം ലഭ്യമാക്കുന്നതിന് സോളാർ സംവിധാനം, മാലിന്യ സംസ്കരണത്തിന് ട്രീറ്റ്‌മെൻറ് പ്ലാന്റ്, സി.സി ടി.വി സുരക്ഷാസംവിധാനം, ശുദ്ധമായ കുടിവെളളം ലഭ്യമാക്കാൻ ആർ.ഒ.പ്ലാന്റ്, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, ഇലുമിനേറ്റഡ് ബോർഡുകൾ,

കുടിവെളളത്തിലെ ദോഷകരമായ അയൺ, കാൽസ്യം, മഗ്‌നേഷ്യം എന്നിവ നീക്കാനുളള പ്ലാന്റ്, ഇൻസിനിറേറ്റർ, തിയേറ്റർ സർജിക്കൽ യൂണിറ്റ് തുടങ്ങിയവ സ്ഥാപിക്കും. ആശ്രാമം ആശുപത്രിയിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാനായി മൾട്ടിലെവൽ പാർക്കിംഗ് ക്ലോംപ്ലക്‌സ് നിർമ്മിക്കും.

സമയബന്ധിതമായി പൂർത്തീകരണം

വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ഡയറക്ടർ ജനറൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

'' കൂടുതൽ നിലകൾ കെട്ടുന്നതിനുള്ള പദ്ധതിയാണ് ഇ.എസ്.ഐ തയ്യാറാക്കിയിരുന്നത്. എന്നാൽ, കൂടുതൽ മെച്ചപ്പെട്ട ചികിത്സയും ആശുപത്രി കൂടുതൽ രോഗീസൗഹൃദമാക്കുന്നതിനുള്ള ആവശ്യങ്ങൾ കൂടി മുന്നോട്ടുവച്ചിരുന്നു. അത് കൂടി പരിഗണിച്ചുള്ള സമഗ്ര പദ്ധതിയാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത് "

എൻ.കെ. പ്രേമചന്ദ്രൻ എം.പി