നാട് പനിയ്ക്കുന്നു, പരിഹാരം വേണം

Friday 24 March 2023 12:12 AM IST
നാട് പനിയ്ക്കുന്നു

തഴവ: കരുനാഗപ്പള്ളി മേഖലയിൽ പകർച്ചപ്പനി വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ താലൂക്ക് ആശുപത്രി ഉൾപ്പടെ വിവിധ സർക്കാർ,സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചിരിക്കുകയാണ്. രോഗ ബാധിതരിൽ തന്നെ 70 ശതമാനത്തിലധികം പേരും ശരിയായ സമയത്ത് ചികിത്സ തേടാതിരിക്കുന്നത് വെല്ലുവിളിയായിരിക്കുകയാണെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

ആരോഗ്യ വകുപ്പ് ഇടപെടണം

ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങളോടെ തുടങ്ങുന്ന പനിയ്ക്ക് മറ്റ് ഗുരുതര ശാരീരിക അസ്വസ്ഥകളില്ലാത്തതിനാൽ പലരും ആദ്യഘട്ടത്തിൽ സ്വയം ചികിത്സ നടത്തുന്നതാണ് പതിവ്. പ്രതിരോധശേഷി കുറഞ്ഞവരിൽ ശ്വാസതടസം ,ന്യുമോണിയ എന്നിവയ്ക്ക് കാരണമായേക്കാവുന്ന പനിയെക്കുറിച്ച് ഗ്രാമവാസികളിൽ അവബോധമുണ്ടാക്കുവാനുള്ള ശ്രമങ്ങൾ പോലും ആരോഗ്യ വകുപ്പ് ഇനിയും ആരംഭിച്ചിട്ടില്ല. അതാത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ,കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലാണ് പനി ബാധിതരായ ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇവിടെ രോഗികളുടെ സ്രവ പരിശോധനയ്ക്ക് പോലും സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്.

അധികൃതരുടെ അനാസ്ഥ

കഴിഞ്ഞ ദിവസം ചെറിയഴീക്കൽ മാത്രം പനി ബാധിതരായ 5 പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. എച്ച് 1 എൻ 1 പരിശോധനയ്ക്കായി സ്രവം ശേഖരിക്കുന്നതിനോ ,ലാബിലേക്ക് അയക്കുന്നതിനോ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സംവിധാനങ്ങളില്ലാത്ത് വലിയ വെല്ലുവിളിയാണ്. മുമ്പ് കൊവിഡ് ശക്തമായി ബാധിച്ചവരിൽ നിലവിലെ പനി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അധികൃതർ ഗുരുതരമായ അനാസ്ഥ തുടരുകയാണ്.