ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ.പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യും

Friday 24 March 2023 12:50 AM IST

കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ എം.എൽ.എയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി അബ്ദുള്ളക്കുട്ടിയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്തേക്കും. പദ്ധതി നടപ്പാക്കുന്ന സമയത്ത് കണ്ണൂർ എം.എൽ.എ ആയിരുന്ന അബ്ദുള്ളക്കുട്ടിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

പദ്ധതിയുടെ കരാർ ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പുതിയ നീക്കം. രേഖകളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽപ്പേരെ പ്രതിചേർക്കുന്ന കാര്യം തീരുമാനിക്കും.

സെന്റ് ഏയ്ഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഡി.ടി.പി.സി സെക്രട്ടറിയായിരുന്ന സജി വർഗീസ് ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി തലശേരി വിജിലൻസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. പദ്ധതിയിൽ വൻ ക്രമക്കേട് നടന്നെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്നും ഉപയോഗിച്ചവയ്ക്ക് ഗുണനിലവാരമില്ലെന്നും കണ്ടെത്തി. പദ്ധതിയുടെ കാര്യത്തിൽ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടി നേരത്തെ മൊഴി നൽകിയിരുന്നത്.

2016ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 3.8 കോടിയായിരുന്നു ചെലവ്. രണ്ടു വർഷത്തിന് ശേഷം പൊതുജനങ്ങൾക്കായി പ്രദർശനം അനുവദിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ നിലച്ചത് വിവാദമായിരുന്നു.