കെ.പി. ദണ്ഡപാണിക്ക് യാത്രാ മൊഴി

Friday 24 March 2023 12:54 AM IST

കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി. ദണ്ഡപാണിക്ക് കർമ്മമണ്ഡലമായിരുന്ന ഹൈക്കോടതിയിൽ ജഡ്‌ജിമാരും അഭിഭാഷകരും സുഹൃത്തുക്കളുമുൾപ്പെട്ട ജനാവലി അന്ത്യയാത്രാമൊഴിയേകി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് കൈമാറി.

ടി.ഡി റോഡിലെ വസതിയായ തൃപ്തിയിൽ രാവിലെ എട്ടിന് പൊലീസ് ഔദ്യോഗിക സംസ്ഥാന ബഹുമതി അർപ്പിച്ചു.

നടൻ ജയസൂര്യയുൾപ്പെടെ നിരവധിപ്പേർ ആദരാഞ്ജലിയർപ്പിച്ചു. ഭാര്യയും മുതിർന്ന അഭിഭാഷകയുമായ സുമതി ദണ്ഡപാണി, മക്കളായ മില്ലു, മിട്ടു എന്നിവരും ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. രാവിലെ 9 മുതൽ 10 വരെ ഹൈക്കോടതിയിലെ സെൻട്രൽ പോർട്ടിക്കോയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറുൾപ്പെടെ ജഡ്ജിമാരും അഭിഭാഷകരും സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. ഹൈക്കോടതിയിൽ ആദ്യമായാണ് പൊതുദർശനത്തിന് വേദി ഒരുക്കുന്നത്.

നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ആംബുലൻസിൽ കളമശേരിയിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്. മുൻ അഡിഷണൽ ജഡ്‌ജിയും അഡ്വക്കേറ്റ് ജനറലുമായിരുന്ന ദണ്ഡപാണിക്ക് അനുശോചനം രേഖപ്പെടുത്താൻ ഇന്ന് ഹൈക്കോടതിയിൽ ഫുൾ കോർട്ട് റഫറൻസ് നടത്തും. രാവിലെ 10.15ന് ചേരുന്ന റഫറൻസിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാറുൾപ്പെടെ സംസാരിക്കും.