ബ്രഹ്മപുരം കേസ് വിജിലൻസിന് വിട്ടത് സി.ബി.ഐയെ പേടിച്ച്: വി.ഡി.സതീശൻ

Friday 24 March 2023 12:56 AM IST

തിരുവനന്തപുരം: സി.ബി.ഐ വരുമെന്ന് കണ്ടാണ് ലൈഫ് മിഷനിലെപ്പോലെ ബ്രഹ്മപുരം മാലിന്യ

പ്ലാന്റിലെ തീ പിടിത്തക്കേസും സർക്കാർ വിജിലൻസിനെ ഏല്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

. ലൈഫ് മിഷൻ ചെയർമാനെന്ന നിലയിൽ കോഴയിടപാടിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്. ലൈഫ് മിഷനിലെ 20 കോടിയിൽ ഒമ്പതേകാൽ കോടിയാണ് അടിച്ചുമാറ്റിയതെങ്കിൽ, ബ്രഹ്മപുരത്ത് 32 കോടിയുടെ അഴിമതിയാണ് നടന്നത്. നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സി.പി.എമ്മിന്റെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് , തിരിച്ച് ചോദിക്കില്ലെന്ന ഉറപ്പുള്ളതിനാലാണ്. സോണ്ട കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സി.പി.എമ്മും പ്രതിക്കൂട്ടിലായതിനാലാണ് അടിയന്തരപ്രമേയ നോട്ടീസിനെ ഭയപ്പെട്ടതും, നിയമസഭ നടത്തിക്കാതിരുന്നതും.

ബ്രഹ്മപുരം ഇടപാടിൽ കോൺഗ്രസുകാർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതും സി.ബി.ഐ അന്വേഷിക്കട്ടെ. ഞങ്ങൾ മാത്രമല്ല, നിങ്ങളും കൂടിയാണ് കട്ടതെന്ന് വരുത്താനാണീ പ്രചരണം. സി.പി.എമ്മിനെ രക്ഷിക്കാനാണ് ബി.ജെ.പി കോൺഗ്രസിനെക്കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. ഒരു കോൺഗ്രസ് നേതാവിനും തട്ടിപ്പിൽ പങ്കില്ലെന്നും സതീശൻ പറഞ്ഞു.

.

മുഖ്യമന്ത്രിയോട്

7 ചോദ്യങ്ങൾ

1. 2019ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ സോണ്ട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ?

2. കേരളത്തിലെ വിവിധ കോർപ്പറേഷനുകളിൽ ബയോ മൈനിംഗ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പ് കരാർ സോണ്ട കമ്പനിക്ക് ലഭിച്ചതെങ്ങനെ?

3. കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളിൽ മുൻപരിചയമില്ലെന്നതിനാൽ ഈ കമ്പനിയെ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് തുടരാനനുവദിച്ചതും, വേസ്റ്റ് ടു എനർജി പദ്ധതി കൂടി നൽകിയതുമെന്തിന്?

4. സോണ്ടയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശസ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?

5. ബ്രഹ്മപുരത്തെ ബയോ മൈനിംഗിൽ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകാത്തതെന്ത്?

6. കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപ്പറേഷനോ അറിഞ്ഞിരുന്നോ?

7. കരാർ പ്രകാരം പ്രവർത്തിച്ചില്ലെന്ന് വ്യക്തമായ ശേഷവും നോട്ടീസ് നൽകാതെ സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷൻ അഡ്വാൻസും 4 കോടിയും അനുവദിച്ചതെന്തിന്?