മെഡിസെപ്പിൽ പുതിയ പ്രതിസന്ധി; ഫാക്കോ തിമിര ശസ്ത്രക്രിയയുടെ ക്ലെയിം തള്ളി ഇൻഷ്വറൻസ് കമ്പനി

Friday 24 March 2023 1:00 AM IST

മാനുവൽ ശസ്‌ത്രക്രിയ മതിയെന്ന് കമ്പനി

തിരുവനന്തപുരം :സർക്കാരിന്റെ മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രതിസന്ധിയിലാക്കി, യന്ത്ര സഹായത്തോടെയുള്ള ആധുനിക ഫാക്കോ ഇമൾസിഫിക്കേഷൻ തിമിര ശസ്ത്രക്രിയയുടെ ക്ലെയിമുകൾ ഇൻഷ്വറൻസ് കമ്പനി കൂട്ടത്തോടെ നിരസിക്കുന്നു. പകരം ചെലവ് കുറഞ്ഞ പരമ്പരാഗത മാനുവൽ സ്‌മോൾ ഇൻസിഷൻ (എം.എസ്‌.ഐ.സി.എസ്) ശസ്ത്രക്രിയ മതിയെന്ന നിലപാടിലാണ് ഓറിയന്റൽ ഇൻഷ്വറൻസ്. ഇതോടെ നാലുദിവസമായി പെൻഷൻകാർ ഉൾപ്പെടെ പ്രായമായവർ ആശുപത്രികൾ കയറി ഇറങ്ങുകയാണ്.

ഫാക്കോ ശസ്ത്രക്രിയ്‌ക്ക് 22,000രൂപയും മാനുവൽ ശസ്ത്രക്രിയയ്‌ക്ക് 15,000രൂപയുമാണ് മെഡിസെപ്പ് നിരക്ക്. 22,000രൂപയുടെ ശസ്ത്രക്രിയയുടെ ക്ലെയിം നൽകിയാൽ 15,000രൂപ മാത്രമാണ് ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി അനുവദിക്കുന്നത്. 7000രൂപ രോഗി നൽകണം. ഇത് ആശുപത്രികളും രോഗികളും തമ്മിൽ ഉരസലിന് കാരണമാകുന്നു. ഇതോടെ പദ്ധതി തുടരാനാവാത്ത അവസ്ഥയിലാണ് കണ്ണാശുപത്രികൾ.

മെഡിസെപ് വ്യാപകമായി അംഗീകരിച്ചിരുന്നതും പരാതി ഇല്ലാതെ മുന്നോട്ട് പോയിരുന്നതും കണ്ണാശുപത്രികളിലാണ്. ചില ആശുപത്രികൾ 15000രൂപയുടെ ശസ്ത്രക്രിയ നടത്തി 22,000രൂപയുടെ ബില്ല് സമർപ്പിച്ചെന്നും അതിനാലാണ് ഫാക്കോ ക്ലെയിം അനുവദിക്കാത്തതെന്നുമാണ് കമ്പനിയുടെ വാദം.

വർഷം 24,000ശസ്ത്രക്രിയ

കഴിഞ്ഞ വർഷം ജൂലൈ ഒന്നിന് നടപ്പാക്കിയ മെഡിസെപ്പിലൂടെ 24,000 തിരിമ ശസ്ത്രക്രിയകളാണ് നടന്നത്. ചുരുക്കം പേർ മാത്രമാണ് മാനുവൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. അതും ഫാക്കോ ശസ്ത്രക്രിയ ഇല്ലാത്ത ആശുപത്രികളിൽ മാത്രം.

മെച്ചം ഫാക്കോ

3 എം.എം കീഹോൾ ശസ്ത്രക്രിയ

മടക്കാവുന്ന മേന്മയുള്ള ലെൻസ്

കാഴ്‌ച കൂടുതൽ തെളിയും

നേരിയ മുറിവ് മാത്രം

രക്തസ്രാവം കുറവ്

'പരാതികളുണ്ട്. പരിശോധിച്ച് പരിഹാരം കാണും.'

-ഡോ.ഷിനു

നോഡൽ ഓഫീസർ

മെഡിസെപ്പ് (ആരോഗ്യവകുപ്പ്)

'ആശുപത്രികൾ മെഡിസെപ്പുമായി സഹകരിക്കുകയാണ്.പുതിയ നിർദ്ദേശങ്ങൾ രോഗികളെ വലയ്ക്കും.'

-ഡോ.ദേവിൻ പ്രഭാകർ

വൈസ് പ്രസിഡന്റ്

ക്വാളിഫൈഡ് മെഡി.പ്രാക്ടീഷണേഴ്സ് അസോ.