പല വർണങ്ങളിൽ തിളങ്ങി ഹയർസെക്കൻഡറി ചോദ്യപേപ്പറുകൾ

Friday 24 March 2023 1:12 AM IST

തിരുവനന്തപുരം: വിവിധ വർണങ്ങളിൽ ചോദ്യപേപ്പറുകൾ നൽകി ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷ നിറപ്പകിട്ടേറിയതാക്കി അധികൃതർ. വെള്ളയിൽ കറുത്ത അക്ഷരങ്ങൾ എന്ന ഏകീകൃത മാനദണ്ഡം നിലനിൽക്കവേയാണ് ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഇക്കുറി പല നിറത്തിലുള്ള ചോദ്യപേപ്പറുകൾ നൽകിയത്.

ഇന്നലെ നടന്ന പ്ളസ് ടു കംപ്യൂട്ടർ ആപ്ളിക്കേഷന്റെ ചോദ്യപേപ്പർ മഞ്ഞ നിറത്തിലും പ്ളസ് വൺ അക്കൗണ്ടൻസി ചോദ്യപേപ്പർ ചുവന്ന നിറത്തിലുമായിരുന്നു. തുടക്കം തന്നെ പ്ളസ്‌വൺ ചോദ്യപേപ്പർ മെറൂൺ അക്ഷരത്തിലാക്കിക്കൊണ്ടായിരുന്നു. അതിനു പിന്നാലെ പ്ളസ്ടു ഫിസിക്സ് ചോദ്യപേപ്പർ രണ്ട് നിറത്തിലായി. വെള്ളയിൽ കറുത്ത അക്ഷരങ്ങളുള്ളതും മഞ്ഞയിൽ കറുത്ത അക്ഷരത്തിലുള്ളതുമായ ചോദ്യപേപ്പറുകളാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും വന്നത്. പ്ലസ്‌വണ്ണിന് മെറൂൺ​ നിറമാക്കി​യത് രണ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യക്കടലാസുകൾ പരസ്പരം മാറാതിരിക്കാനെന്നായി​രുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ പിന്നീടുണ്ടായ നിറം മാറ്റങ്ങൾക്കൊന്നും വ്യക്തമായ മറുപടിയില്ല. കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ പ്ളസ് ടു അക്കൗണ്ടൻസി ചോദ്യപേപ്പർ ഇളം നീലനിറത്തിലായിരുന്നു.