കോഴ: സന്തോഷ് ഈപ്പൻ 2.80 കോടി പിൻവലിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി

Friday 24 March 2023 1:13 AM IST

കൊച്ചി: സന്തോഷ് ഈപ്പന്റെ അക്കൗണ്ടിൽ നിന്ന് കോഴ നൽകാനായി 2.80 കോടി രൂപ പിൻവലിച്ചതിന് തെളിവ് ലഭിച്ചതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഈമാസം 27 വരെ കസ്റ്റഡിയിൽ ലഭിച്ച സന്തോഷ് ഈപ്പനെ ഇ.ഡി വീണ്ടും വിശദമായി ചോദ്യം ചെയ്യും. പ്രളയബാധിതർക്ക് വീട് നൽകാൻ ആവിഷ്‌കരിച്ച പദ്ധതിയിൽ കരാർ കമ്പനിക്ക് മാത്രമായിരുന്നില്ല താത്പര്യമെന്ന് സന്തോഷ് മൊഴി നൽകിയിട്ടുണ്ട്. മറ്റു ചിലർക്കും ബിസിനസ് താത്പര്യമുണ്ടായിരുന്നെന്ന് യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവർ മൊഴി നൽകിയിട്ടുണ്ട്. ഇതുമായി യോജിക്കുന്ന മൊഴികളാണ് സന്തോഷും നൽകിയത്. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് നൽകിയ മൊഴികളും നിർണായകമാണ്. കോഴയായി നൽകിയതിൽ ഒരു കോടി രൂപ മാത്രമാണ് ലോക്കറിൽ നിന്ന് ലഭിച്ചത്. ഫ്ളാറ്റ് നിർമ്മാണത്തിന് ലഭിച്ച 20 കോടി രൂപയിൽ 4.50 കോടി രൂപ കോഴയായി നൽകിയെന്ന സന്തോഷിന്റെ മൊഴികളും മറ്റുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ഇ.ഡി അറിയിച്ചു. ജാമ്യത്തിനായി സന്തോഷ് സമർപ്പിച്ച ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

 പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്

ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന് ജോലി ലഭിക്കാൻ ശുപാർശ നൽകിയ കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഉദ്യോഗസ്ഥരെ ഇന്നലെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു. ലൈഫ് മിഷൻ കരാർ നൽകിയശേഷമാണ് സ്വപ്ന സുരേഷിന് യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്‌ടമായത്. തുടർന്നാണ് സ്പേസ് പാർക്കിൽ സ്വപ്നയ്ക്ക് പ്രോജക്ട് ഡയറക്ടർ പദവിയിൽ ജോലി ലഭിച്ചത്. സ്വപ്നയെ ശുപാർശ ചെയ്യാനുള്ള സാഹചര്യം, ബാഹ്യയി‌ടപെടലുകളോ സമ്മർദ്ദങ്ങളോ ഉണ്ടായോ തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി തേടിയത്.