സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ മൊഴിയെടുത്തു

Friday 24 March 2023 1:15 AM IST

കണ്ണൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനും തളിപ്പറമ്പ് കടമ്പേരി സ്വദേശി വിജേഷ് പിളളയ്ക്കുമെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ അന്വേഷകസംഘം ഏരിയാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ടി.കെ. രത്നകുമാർ, തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദ്, തളിപ്പറമ്പ് സി.ഐ എ.വി. ദിനേശൻ, ഗ്രേഡ് എസ്.ഐ തമ്പാൻ എന്നിവരടങ്ങിയ അന്വേഷകസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ സ്വപ്‌ന സുരേഷ് അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ ആരോപണം ഉന്നയിച്ച് സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ഇരുവർക്കുമെതിരായ പരാതി.