നഗരസഭയിൽ ബഡ്ജറ്റ് ചർച്ചയ്ക്ക്   മീനും ഇറച്ചിയും ഉൾപ്പടെയുള്ള ഗംഭീര സദ്യ കഴിച്ച എല്ലാവരും ആശുപത്രിയിൽ, പിന്നാലെ ഗുരുതര കണ്ടെത്തലുമായി പ്രതിപക്ഷം

Friday 24 March 2023 10:20 AM IST

കായംകുളം: കായംകുളം നഗരസഭയിൽ ബഡ്ജറ്റ് ചർയോടനുബന്ധിച്ചു നടന്ന സദ്യ കഴിച്ച നഗരസഭ ചെയർപേഴ്സൺ പി.ശശികല, വൈസ് ചെയർമാൻ ജെ.ആദർശ്, സെക്രട്ടറി സനിൽ ശിവൻ ഉൾപ്പെടെ നിരവധി കൗൺസിലർമാർക്കും ജീവനക്കാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ഭക്ഷ്യവിഷബാധ.

ഇന്നലത്തെ ഉച്ചഭക്ഷണമാണ് വിനയായത്. ചോറിനൊപ്പം സാമ്പാറും തോരനും അവിയലും കപ്പയും മീനും ഇറച്ചിയുമായിരുന്നു വിഭവങ്ങൾ. മീൻ കഴിച്ചവർക്ക് രാത്രിയോടെ ഛർദ്ദിയും വയറിളക്കവും ഉണ്ടായി. പ്രതിപക്ഷമായ യു.ഡി.എഫ് അംഗങ്ങൾ സദ്യയിൽ പങ്കെടുത്തില്ല. നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ചു. ഫുഡ് സേഫ്ടി അധികൃതർ ഇന്ന് പരിശോധന നടത്തും.

ചെയർപേഴ്സണും സെക്രട്ടറിയും അടക്കമുള്ളവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ലൈസൻസ് ഇല്ലാത്ത കാറ്ററിംഗ് ടീമാണ് സദ്യ വിളമ്പിയതെന്ന് ആരോപണമുണ്ട്. കെ.പി റോഡിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് കിഴക്കുവശമുള്ള അനധികൃത ഫിഷ് മാർക്കറ്റിൽ നിന്നാണ് മീൻ വാങ്ങിയതത്രെ. കായംകുളം നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന അധികൃത ഇറച്ചി, മത്സ്യ സ്റ്റാളുകൾ അടച്ചു പൂട്ടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് യു.ഡി.എഫ് ആരോപിച്ചു.