അൽപം ചട്ടമ്പിത്തരമുണ്ടെങ്കിലേ കുങ്കിയാനയാക്കാനാവൂ, നാട്ടുകാരുടെ കണ്ണുവെട്ടിച്ച് കൊണ്ടുപോയ കോന്നി സുരേന്ദ്രൻ ഇന്ന് കുങ്കി ആനകളുടെ നേതാവ് 

Friday 24 March 2023 10:41 AM IST

കോന്നി : അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യം നടക്കുമ്പോൾ മലയോരനാടിന്റെ മനസിൽ നിറയുന്ന പേരാണ് കോന്നി സുരേന്ദ്രൻ. പാലക്കാട് ധോണിയെ വിറപ്പിച്ച പി.ടി സെവനെ പൂട്ടാനുള്ള ദൗത്യത്തിന്റെ ഭാഗമായി സുരേന്ദ്രൻ ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. പി ടി സെവനെ തളയ്ക്കാനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയ സുരേന്ദ്രന് അരിക്കൊമ്പനെ വരുതിയിലാക്കാൻ കഴിയുമെന്നാണ് സുരേന്ദ്രന്റെ കോന്നിയിലെ പഴയ പാപ്പാൻമാർ പറയുന്നത്.

അരിക്കൊമ്പനെ തളക്കാനുള്ള ദൗത്യത്തിൽ സുരേന്ദ്രനും ഉൾപെട്ടതോടെ കോന്നിയിലെ വനപാലകരും പഴയ പാപ്പാൻമാരും ആനപ്രേമികളും പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. 1999 ൽ റാന്നി വനം ഡിവിഷനിലെ ഗ്രൂഡിക്കൽ റേഞ്ചിലെ വനത്തിൽ നിന്നാണ് സുരേന്ദ്രനെ വനം വകുപ്പിന് ലഭിക്കുന്നത്. 2018 ൽ കുങ്കിയാന പരിശീലനത്തിന് കുട്ടിക്കൊമ്പനെ കൊണ്ടുപോകാൻ ഉത്തരവ് വന്നപ്പോൾ അന്ന് കോന്നി എം എൽ എ യായിരുന്ന അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. സുരേന്ദ്രനെ വിട്ടു നൽകിയാൽ രണ്ട് ആനകളെ മടക്കി നൽകാം എന്ന ഉറപ്പും വനം വകുപ്പ് മുന്നോട്ടുവച്ചു. ഇതും നാട്ടുകാർ സമ്മതിച്ചില്ല.

മുതുമലയിലേക്ക് കൊണ്ട് പോകാൻ ലോറിയിൽ കയറ്റിയപ്പോൾ വീണ്ടും തർക്കം ഉണ്ടാകുകയും തിരിച്ചിറകുകയും ചെയ്തു. അന്ന് 18 വയസായിരുന്നു. പിന്നീട് രാത്രിയുടെ മറവിൽ കോന്നിയിൽ നിന്നു സുരേന്ദ്രനെ മുത്തങ്ങയിലേക്ക് മാറ്റി. പരിശീലനത്തിന് ശേഷം മടക്കി നൽകാം എന്ന ഉറപ്പും. എന്നാൽ വർഷം അഞ്ചു കഴിയുമ്പോഴേക്കും സുരേന്ദ്രൻ കുങ്കി ആനകളുടെ നേതാവായി. ഇതോടെ കോന്നിയിലേക്കുള്ള മാറ്റം ഉണ്ടായില്ല. എങ്കിലും കോന്നിയിലെ സംസാരങ്ങളിൽ സുരേന്ദ്രൻ ഇന്നും നിറയാറുണ്ട്. അന്ന് വനം വകുപ്പിന്റെ കീഴിലുള്ള ആനകളെ എല്ലാം നിരീക്ഷിച്ച ശേഷമാണ് സുരേന്ദ്രനെ തെരഞ്ഞെടുത്തത്.

മറ്റെല്ലാ മികവിനും പുറമേ അൽപം ചട്ടമ്പിത്തരമുള്ള ആനയെ മാത്രമേ കുങ്കിയാന പരിശീലനത്തിന് അയയ്ക്കാനാവൂ എന്നാണ് ചട്ടം. മറ്റുള്ളവയെ ഭയമില്ലാത്ത ആനയ്ക്ക് മാത്രമേ കാട്ടാനയെ തുരത്താൻ കഴിയു എന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. സുരേന്ദ്രൻ വീണ്ടും മാദ്ധ്യമങ്ങളിൽ നിറയുമ്പോൾ കോന്നിയുടെ തലയെടുപ്പും ഏറുകയാണ്.