ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരായ നടപടി ഹൈക്കോടതി റദ്ദാക്കി

Friday 24 March 2023 11:46 AM IST

കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സെനറ്റംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സെനറ്റംഗങ്ങൾ ചാൻസലറായ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നായിരുന്നു ഗവർണർ കോടതിയെ അറിയിച്ചത്. സർവകലാശാലയിലെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ പലതവണ ആവശ്യപ്പെട്ടിട്ടും സെനറ്റംഗങ്ങൾ അനുസരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഗവർണർ സെനറ്റംഗങ്ങളെ പിൻവലിച്ചത്. കൂടാതെ സെർച്ച് കമ്മിറ്റിയും അദ്ദേഹം രൂപീകരിച്ചിരുന്നു.

താനുമായി നിഴൽ യുദ്ധം ചെയ്തതുകൊണ്ടാണ് സെനറ്റംഗങ്ങളുടെ പ്രീതി പിൻവലിച്ചതെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഗവർണർ കോടതിയെ അറിയിച്ചിരുന്നു. വ്യക്തിപരമായി ഗവർണർക്ക് പ്രീതി പിൻവലിക്കാൻ അധികാരമില്ലെന്ന് അന്ന് കോടതി വിമർശിച്ചിരുന്നു.

കഴിഞ്ഞാഴ്ച കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച ഗവർണറുടെ നടപടിയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. വൈസ് ചാൻസലർക്ക് നിയന്ത്രണം ഏർപ്പെടുത്തി സിൻഡിക്കേറ്റ് കൊണ്ടുവന്ന ഭരണ സംവിധാനമാണ് ഗവർണർ മരവിപ്പിച്ചത്. വിസിയും സിൻഡിക്കേറ്റും തമ്മിലുള്ള പോരിനിടയിലായിരുന്നു ഗവർണറുടെ ഇടപെടൽ. ഇത് ചോദ്യം ചെയ്ത് സിൻഡിക്കേറ്റംഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.