കീരവാണിയെ അഭിനന്ദിച്ച് ഇംഗ്ളീഷ് കുറിപ്പിന് പിന്നാലെ മറ്റൊരു പോസ്‌റ്റിന്റെ പേരിലും വിവാദം,​ വരികൾക്കിടയിലൂടെ വായിച്ച് പ്രചരിപ്പിക്കുന്നതായി ചിന്താ ജെറോം

Friday 24 March 2023 1:34 PM IST

തിരുവനന്തപുരം: സമൂഹമാദ്ധ്യമ പോസ്‌റ്റുകളുടെ പേരിൽ തനിക്കെതിരായുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് നന്നായിരിക്കുമെന്ന് ചിന്ത പ്രതികരിച്ചു.

'വാലും തലയുമില്ലാത്ത ആരോപണങ്ങൾ അഴിച്ചുവിടുകയാണ്. പൗവ്വത്തിൽ തിരുമേനിയുടെ ശവസംസ്‌കാരത്തിൽ അന്തിമോപചാരമർപ്പിക്കാൻ പോയതാണ് അവസാനം ഇട്ട പോസ്‌റ്റ്. അതിൽ വരികൾക്കിടയിലൂടെ വായിച്ച് വല്ലാതെ പ്രചരിപ്പിച്ച് വിമർശിക്കുന്നതായാണ് ഈ പോസ്റ്റിലും കണ്ടത്. ഇത് ദൗർഭാഗ്യകരമാണ്.' ചിന്ത പറഞ്ഞു.

എ.കെ.ജിയ്‌ക്കെതിരെയും എഴുത്തുകാരിയായ കെ.ആർ മീരയ്‌ക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ഒരു മുൻ ജനപ്രതിനിധിയടക്കമാണ് ഈ പ്രചാരവേലയുടെ ഉപജ്ഞാതാക്കളെന്ന് ചിന്ത ആരോപിച്ചു. 'ഉപജഞാതാക്കളും പ്രചാരകരും ഇവരാണ്. കാമ്പില്ലാത്ത വിമർശനങ്ങളെയെല്ലാം തള്ളിക്കളയുകയാണ്.' ‌ചിന്ത പറഞ്ഞു. വെറുതെ ആക്രമിക്കാനും ട്രോളാനും ഇങ്ങനെ പ്രചരണം നടത്തുന്നത് ജനങ്ങൾ തന്നെ കണ്ട് മടുത്തിരിക്കുകയാണ് എന്നും ആശയ ദാരിദ്ര്യം വരുമ്പോൾ ഇത്തരം കാര്യങ്ങൾ അഴിച്ചുവിടുകയാണെന്നുമാണ് യുവജന കമ്മിഷൻ അദ്ധ്യക്ഷ അഭിപ്രായപ്പെട്ടത്.