പതിനെട്ടാം മാസത്തിൽ പിതാവ് ആദ്യമായി സിഗരറ്റ് കൊടുത്തു, രണ്ട് വയസുള്ളപ്പോൾ വലിച്ചിരുന്നത് പ്രതിദിനം 40 എണ്ണം; പതിമൂന്നാം വയസിൽ അവന്റെ ജീവിതം ഇങ്ങനെയാണ്‌

Friday 24 March 2023 1:52 PM IST

രണ്ടാം വയസിൽ പ്രതിദിനം നാൽപ്പത് സിഗരറ്റ് വലിച്ചിരുന്ന ഒരു കുട്ടിയുടെ വീഡിയോ വർഷങ്ങൾക്ക് മുമ്പ് ഏറെ ചർച്ചയായിരുന്നു. ഇന്തോനേഷ്യയിലെ അർദി റിസാൽ എന്ന കുട്ടിയാണ് അന്ന് ഏവരെയും അമ്പരപ്പിച്ചത്. തന്റെ കുഞ്ഞുവിരലുകൾ കൊണ്ട് ഇറുക്കിപ്പിടിച്ച് സിഗരറ്റ് വലിക്കുന്ന അർദിയുടെ വീഡിയോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു.

പതിനെട്ടാം മാസത്തിൽ അവന്റെ പിതാവാണ് ചുണ്ടിൽ ആദ്യമായി സിഗരറ്റ് വച്ചുകൊടുത്തത്. പിന്നെ അത് ശീലമായി. രണ്ട് വയസിൽ ദിവസവും നാൽപ്പത് സിഗരറ്റ് അവന് ആവശ്യം വന്നു. കൊടുത്തില്ലെങ്കിൽ നിലത്തുകിടന്ന് ഉരുളുകയും കരയുകയും സ്വയം വേദനിപ്പിക്കുകയുമൊക്കെ ചെയ്തു.

ഈ ദുശ്ശീലം അവന്റെ ആരോഗ്യത്തെ ബാധിച്ചു. ചുമ വന്നു. തടി നന്നായി കൂടി. ആറ് കിലോ തുക്കമുണ്ടാകേണ്ട സ്ഥാനത്ത് 24 കിലോ ആയി. വിഷയം ലോകം മുഴുവൻ ചർച്ചയായതോടെ സർക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഇടപെട്ടു. ഡോക്ടർമാരെ കാണിച്ചു. കഠിന പ്രയത്നത്തിനൊടുവിലാണ് അമ്മ ഡയാന അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇന്ന് അവന് പതിമൂന്ന് വയസുണ്ട്. സിഗരറ്റ് കൈ കൊണ്ട് തൊടാറില്ല. കൂടാതെ പഠനത്തിലും കായിക മേഖലയിലുമെല്ലാം മികവ് പുലർത്തുന്നു.