അരിക്കൊമ്പൻ മിഷൻ ഹെെക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി പഞ്ചായത്തുകൾ; പുതിയ പദ്ധതികളുമായി വനംവകുപ്പ്
ശാന്തൻപാറ: ഇടുക്കിയിലെ അരിക്കൊമ്പൻ മിഷൻ ഹെെക്കോടതി സ്റ്റേ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി പഞ്ചായത്തുകൾ. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ കേസിൽ കക്ഷി ചേരും. വനം മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഹർത്താൽ പ്രഖ്യാപിക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി. വലിയ ജനകീയ പ്രതിഷേധത്തിനെടുവിലാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തീരുമാനമായത്. എന്നാൽ കോടതി വിധി വന്നതോടെ വീണ്ടും പ്രതിഷേധമുണ്ടാവുമെന്ന സൂചന നൽകിയാണ് ചിന്നക്കനാൽ പഞ്ചായത്ത് ഇന്ന് ചേർന്ന സർവകക്ഷി യോഗം അവസാനിപ്പിച്ചത്.
അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഈ മാസം 29ന് കേസ് പരിഗണിച്ച ശേഷം മതിയെന്നാണ് ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി ഉത്തരവ്.
നടപടികൾ ഹെെക്കോടതി തടഞ്ഞ പശ്ചാത്തലത്തിൽ വയനാട്ടിൽ നിന്നു മറ്റു രണ്ടു കുങ്കിയാനങ്ങളെ കൊണ്ടുവരുന്നത് നീട്ടി. ഉന്നതതല യോഗത്തിന് ശേഷം ആനകളെ കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കും. ഇപ്പോഴുള്ള നീരിക്ഷണം തുടരുമെന്നും ആനയെ പിടികൂടാനുള്ള ദൗത്യം 29ന് ശേഷം ഉണ്ടാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.