സ്ത്രീ സുരക്ഷയിൽ സർക്കാരിന് ഇരട്ടനീതി: ടി. സിദ്ദിഖ്

Saturday 25 March 2023 12:05 AM IST
sidik

കോഴിക്കോട്: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടനീതിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം, കെ.കെ രമക്കെതിരേയുള്ള വാച്ച് ആൻഡ് വാർഡ് അതിക്രമം എന്നിവ ഇതിന് മികച്ച ഉദാഹരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രമയുടെ പരാതിയെ മരവിപ്പിച്ച സർക്കാർ സ്ത്രീ സുരക്ഷയും അട്ടിമറിക്കുകയാണ്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ വരെ അതിക്രമം നേരിടുന്ന അവസ്ഥയാണുള്ളത്. ഇവർക്ക് നീതി ഉറപ്പാക്കേണ്ട പൊലീസിനെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അകമ്പടിയാക്കി നിർവീര്യമാക്കുകയാണ്. മെഡിക്കൽകോളേജ് പീഡന കേന്ദ്രമായി മാറുകയാണ്. ആശുപത്രികൾ പോലും സുരക്ഷിതമല്ല. സംഭവത്തിൽ യുവതിയെ സമ്മർദ്ദത്തിലാക്കിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാർഹമാണ്. ഇരയോടൊപ്പം ഓടി വേട്ടക്കാരനോടൊപ്പം വേട്ടയാടുകയാണ് സർക്കാർ. മെഡിക്കൽ കോളേജിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സി.പി.എം നേരിട്ട് ഇറങ്ങിയതിനാലാണ്. സംഭവത്തിൽ യുവതിയെ സമ്മർദ്ദത്തിലാഴ്ത്തിയ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

വീണ ജോർജ് ആരോഗ്യമന്ത്രിയായതിന് ശേഷം മെഡിക്കൽ കോളേജ് അശ്രദ്ധയുടെയും അലംഭാവത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. യുവതി പീഡിപ്പക്കപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെയ്ക്കണം. കെ.കെ രമയുടെ പരുക്കിന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യന്ത്രിയും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മാപ്പു പറയാൻ തയാറാകണം. സമൂഹമാദ്ധ്യമങ്ങളിലൂടെ കെ.കെ രമയെ ദയാവധം ചെയ്യാനുള്ള പാർട്ടി നീങ്ങളെ വെച്ചു പൊറുപ്പിക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ .കെ പ്രവീൺകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.