എം.ഡി.എം.എയുമായി മോഡൽ അറസ്റ്റിൽ; വില്പന 'സ്നോബാൾ' എന്ന കോഡിൽ
കൊച്ചി: നഗരത്തിലെ 'റേവ് പാർട്ടി"കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡൽ ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ റോസ് ഹെമ്മ (ഷെറിൻ ചാരു-29) എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായി.
ഹെമ്മയിൽ നിന്ന് 1.90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സ്നോബാൾ എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് വിറ്റിരുന്നത്. കൊച്ചിയിലെ ഓയോ റൂമിൽ നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരൻ എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്നുമായി ഹെമ്മ ഇടപ്പളിയിൽ എത്തുമെന്ന് ഇയാൾ വെളിപ്പെടുത്തിയതോടെ അന്വേഷണ സംഘം കാത്തുനിന്നു. രാത്രി പാടിവട്ടത്ത് എത്തിയ ഹെമ്മയെ കൈയോടെ പിടികൂടുകയായിരുന്നു.
അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീ യുവാക്കൾ ആഡംബര വാഹനങ്ങളിൽ വന്നിറങ്ങുന്ന ഹെമ്മയെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും ഗുണ്ടാ സംഘങ്ങളുമായി ഇവർക്കു ബന്ധമുള്ളതിനാൽ പേടിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല. ഹെമ്മയുടെ സംഘത്തിൽ പ്രവർത്തിച്ചിരുന്നവരെ വൈകാതെ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ ടി.എൻ അജയകുമാർ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എൻ.ഡി. ടോമി, സി.ഇ.ഒ ഹർഷകുമാർ, എൻ.യു. അനസ്, എസ്.നിഷ, പി. അനിമോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹെമ്മയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
യാത്ര ലിഫ്റ്റടിച്ച്; ഓയോ റൂമിൽ താമസം
മയക്കുമരുന്നമായി പുറത്തിറങ്ങുന്ന ഹെമ്മ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ ലിഫ്റ്റ് വാങ്ങിയാണ് യാത്ര ചെയ്തിരുന്നത്. മറ്റാരുടെയെങ്കിലും ഫോണിലായിരിക്കും ലഹരിയിടപാട് ഉറപ്പിക്കുക. ഓയോ റൂമെടുക്കുന്നതും ഇങ്ങനെ തന്നെ. പിടിക്കപ്പെടാതിരിക്കാനാണിത്. പകൽ സമയം മുഴുവൻ മുറിയിൽ കിടന്നുറങ്ങുകയാണ് പതിവ്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി ഹെമ്മയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.