കാലാവസ്ഥാ വ്യതിയാനം: റബർ കർഷകർക്ക് പ്രഹരം പൊടികുമിൾ

Saturday 25 March 2023 12:12 AM IST

വടക്കഞ്ചേരി: കാലാവസ്ഥാ വ്യതിയാനം മൂലം മരങ്ങളിൽ വ്യാപകമായ പൊടികുമിൾ രോഗത്താൽ പ്രതിസന്ധിയിലായി റബർ കർഷകർ. നഷ്ടക്കണക്കിൽ പൊറുതിമുട്ടുന്ന കർഷകർക്ക് രോഗബാധ ഇരട്ടി പ്രഹരമായി. ഇളം ഇലകൾ ചുരുണ്ട് പിരിഞ്ഞ് നശിക്കുന്നതാണ് രോഗലക്ഷണം.

ചിലയിടങ്ങളിൽ രോഗ വ്യാപനം കൂടി മൂത്ത ഇലകൾക്കും വെള്ളപ്പാടുകൾ കാണുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് പൊടി കുമിൾ രോഗം മേഖലയിൽ ഇത്രയേറെ വ്യാപിച്ചത്. മരങ്ങളുടെ സ്വാഭാവിക ഇല കൊഴിച്ചിലിനെ തുടർന്ന് വരുന്ന തളിരിലകളെയാണ് രോഗം ബാധിക്കുന്നത്. തളിരിലകൾ ഉണ്ടാകുന്ന സമയം മഞ്ഞോ മഴയോ മൂടലോ ഉണ്ടായാൽ ഈർപ്പം കൂടി തങ്ങി നിന്ന് രോഗമുണ്ടാകും. ഇതുമൂലം റബറിന്റെ ഉല്പാദനം ഗണ്യമായി കുറഞ്ഞു.

വില തകർച്ചയിൽ നട്ടംതിരിയുന്ന കർഷകർക്ക് ഉല്പാദനത്തിലെ കുറവും തിരിച്ചടിയായി. വൈകി നീണ്ടുനിന്ന മഞ്ഞും രോഗവ്യാപന കാരണമാക്കി.

തേൻ ഉല്പാദനത്തിനും പ്രതിസന്ധി

കേരളത്തിലെ 90 ശതമാനം തേനും തോട്ടം മേഖലയിലാണ് ഉല്പാദിപ്പിക്കുന്നത്. റബ്ബറിന്റെ തളിരിലകളെ ബാധിക്കുന്ന രോഗമായതിനാൽ തേൻ ഉല്പാദനത്തിലും രോഗം വില്ലനായി. മറ്റു മരങ്ങളിലും ചെടികളിലും പൂവിനുള്ളിൽ തേൻ കാണുമ്പോൾ റബറിന്റെ ഇലത്തണ്ടിൽ ദളങ്ങൾ ചേരുന്ന ഭാഗത്താണ് മധുഗ്രന്ഥി. ഇതിലെ തേനാണ് തേനീച്ചകൾ ശേഖരിച്ച് കൂടിലെത്തിക്കുന്നത്. രോഗം മൂലം ഇലകൾ ചുരുണ്ട് മധുഗ്രന്ഥി നശിച്ചു.

വില വർദ്ധിക്കും

തെക്കൻ കേരളത്തിൽ ഇക്കുറി തേൻ ഉല്പാദനം വിരളമാണ്. മദ്ധ്യ-വടക്കൻ കേരളത്തിലാണ് കുറച്ചെങ്കിലും തേനുള്ളത്. അതും ആശാവഹമല്ല. ഉല്പാദനം കുറഞ്ഞതും ആവശ്യകത കൂടി നില്ക്കുന്നതുമായ സാഹചര്യത്തിൽ വില കൂടും. കിലോയ്ക്ക് 20 മുതൽ 25 രൂപ വരെ വർദ്ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് തേനിന്റെ സീസൺ. കാലാവസ്ഥയിലെ ചെറിയ മാറ്റം പോലും തേനുല്പാദനത്തിൽ ഏറ്റക്കുറച്ചിലുണ്ടാക്കും.

-പി.വി.ബാബു,​ പ്രസിഡന്റ്,​ എളവമ്പാടം മാതൃകാ റബർ ഉല്പാദക സംഘം.

Advertisement
Advertisement