വിഴിഞ്ഞം വായ്‌പയ്ക്ക് പലിശ കൂടും

Saturday 25 March 2023 12:00 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് വായ്‌പയെടുക്കുന്നത് ചർച്ച ചെയ്യാൻ സഹകരണ-തുറമുഖ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. റിപ്പോ നിരക്കിൽ മാറ്റം വന്നതോടെ നിക്ഷേപത്തിന് നൽകുന്ന തുകയുടെ പലിശനിരക്ക് കൂടിയെന്നും ഇത് കണക്കിലെടുത്താകും പലിശനിരക്ക് നിശ്‌ചയിക്കുന്നതെന്നും സഹകരണ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 8.45 ശതമാനമാണ് പലിശ. സഹകരണ ബാങ്കുകളുമായി നടക്കുന്ന യോഗത്തിൽ ധാരണയിലെത്തും. പണം ആവശ്യപ്പെട്ടുളള ഔദ്യോഗിക അപേക്ഷ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഇന്നലെ സമർപ്പിച്ചു. ഒരാഴ്‌ചയ്‌ക്കകം പണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിതല ചർച്ചകളിൽ അന്തിമ ധാരണയുണ്ടാകുമെന്ന് തുറമുഖ സെക്രട്ടറി കെ.ബിജു വ്യക്തമാക്കി.