എണ്ണൂറാൻ മെസി

Friday 24 March 2023 10:13 PM IST

ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് ജയം

കരിയറിൽ 800 ഗോളുകൾ തികച്ച് ലയണൽ മെസി

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ കരിയറിലെ 800-ാം ഗോൾ നേടിയ ലയണൽ മെസിക്കൊപ്പം അർജന്റീന പാനമയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ 2-0ത്തിന്റെ വിജയമാഘോഷിച്ചു. 78-ാം മിനിട്ടിൽ തിയാഗോ അൽമാദയിലൂടെ മുന്നിലെത്തിയിരുന്ന അർജന്റീനയെ 89-ാം മിനിട്ടിൽ തകർപ്പൻ ഫ്രീക്കിക്കിലൂടെയാണ് മെസി ആധികാരിക വിജയിലെത്തിച്ചത്.

ബ്യൂണസ് അയേഴ്സിനലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. രണ്ടാംപകുതിയിൽ രണ്ടുഗോളുകളും നേടി അർജന്റീന സടകുടഞ്ഞെണീൽക്കുകയായിരുന്നു. രണ്ട് ഗോളുകളുൾക്കിം വഴിയൊരുങ്ങിയതും മെസിയുടെ ഫ്രീ കിക്കുകളിലൂടെയായിരുന്നു.മെസിയെടുത്ത ഫ്രീകിക്ക് പാനമ പോസ്റ്റിൽ തട്ടിത്തെറിച്ചത് പിടിച്ചെടുത്താണ് 78-ാംമിനിട്ടിൽ തിയാഗോ അൽമാദ അർജന്റീനയുടെ ആദ്യ ഗോളാക്കി മാറ്റിയത്. 11 മിനിട്ടുകൾക്ക് ശേഷം മറ്റൊരു ഫ്രീകിക്കിലൂടെ മെസി അതിശയിപ്പിക്കുന്ന ഗോൾ സ്വന്തമാക്കി സ്‌കോർ രണ്ടാക്കി ഉയർത്തി. 25 വാര അകലെ നിന്ന് മെസി തൊടുത്ത ഷോട്ട് പനാമയുടെ പ്രതിരോധ മതിലിന് മുകളിലൂടെ ഗോൾകീപ്പർക്ക് ഒരു അവസരവും നൽകാതെ പോസ്റ്റിന്റെ വലത് മൂലയിലേക്ക് പതിക്കുകയായിരുന്നു.

ലോകകീരിടം ഉയർത്തിയ ശേഷം ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീന ടീമിന് ബ്യൂണസ് അയേഴ്സിൽ ആരാധകർ വൻസ്വീകരണമാണ് ഒരുക്കിയിരുന്നത്.ചൊവ്വാഴ്ച കുറക്കാവോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

800

മെസി പ്രൊഫഷണൽ കരിയറിൽ രാജ്യത്തിനും ക്ളബിനായും നേടുന്ന ഗോളുകളുടെ എണ്ണം 800 തികഞ്ഞത് പാനമയ്ക്ക് എതിരായ ഫ്രീ കിക്ക് ഗോളിലൂടെയാണ്.

99

അർജന്റീനയ്ക്കായി മെസി നേടിയ ഗോളുകളുടെ എണ്ണം 99 ആയി. അടുത്ത സൗഹൃദമത്സരത്തിലും സ്‌കോർ ചെയ്യാനായാൽ മെസിക്ക് ദേശീയ ടീമിനായി 100 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കാം.