റെക്കാഡ് റൊണാൾഡോ

Friday 24 March 2023 10:19 PM IST

ലിച്ചെൻസ്റ്റനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് 4-0ത്തിന്റെ ജയം

ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഏറ്റവും കൂടുതൽ ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ച റെക്കാഡ്

ലിസ്ബൺ : ലോകകപ്പിലെ നിരാശയ്ക്ക് ശേഷം ദേശീയ ടീമിന്റെ ഫസ്റ്റ് ഇലവനിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ലിച്ചെൻസ്റ്റനെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഇരട്ട ഗോളടിച്ച് ലോകത്ത് എറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ഫുട്ബാളർ എന്ന റെക്കാഡ് സ്വന്തമാക്കി. പുതിയ കോച്ച് റോബർട്ട് മാർട്ടിനെസിന് കീഴിലെ ആദ്യമത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ് പോർച്ചുഗൽ വിജയം കണ്ടത്.

പെനാൽറ്റി കിക്കിൽ നിന്നും ഫ്രീകിക്കിൽ നിന്നും ക്രിസ്റ്റ്യാനോ നേടിയ ഗോളുകളായിരുന്നു ലിസ്ബണിൽ നടന്ന മത്സരത്തിന്റെ ഹൈലൈറ്റ്. മത്സരത്തിന്റെ എട്ടാം മിനിട്ടിൽ യാവോ കാൻസലോയും 47-ാം മിനിട്ടിൽ ബെർണാഡോ സിൽവയും പോർച്ചുഗലിനായി സ്കോർ ചെയ്തിരുന്നു. 51-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോളടിച്ചത്.63-ാം മിനിട്ടിൽ തന്റെ ട്രേഡ്മാർക്ക് ഫ്രീകിക്കിലൂടെ രണ്ടാം ഗോളും നേടി.

ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഫസ്റ്റ് ഇലവനിലിറങ്ങിയ ക്രിസ്റ്റ്യാനോയെ സ്വിറ്റ്സർലാൻഡിനെതിരായ പ്രീ ക്വാർട്ടറിൽ കോച്ച് സാന്റോസ് പകരക്കാരനാക്കി മാറ്റിയത് വിവാദമായിരുന്നു. ഈ മത്സരത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് പകരമിറങ്ങിയ ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടുകയും ടീം 6-1ന് ജയിക്കുകയും ചെയ്തിരുന്നു. മൊറോക്കോയ്ക്ക് എതിരായ ക്വാർട്ടറിലും ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനാകേണ്ടിവന്നതും ടീം തോറ്റതും താരവും കോച്ചും തമ്മിലുള്ള ബന്ധം വഷളാക്കി. സാന്റോസിന് കോച്ച് സ്ഥാനം നഷ്ടമാവുകയും ചെയ്തു. തുടർന്ന് സ്ഥാനമേറ്റെടുത്ത മുൻ ബെൽജിയം കോച്ച് മാർട്ടിനെസ് ക്രിസ്റ്റ്യാനോയ്ക്ക് ടീമിൽ അർഹമായ സ്ഥാമുണ്ടാകുമെന്ന് ഉറപ്പുനൽകുകയും തന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ ഫസ്റ്റ് ഇലവനിൽത്തന്നെ ഇറക്കുകയും ചെയ്തു.73-ാം മിനിട്ടുവരെ തുടർന്ന ക്രിസ്റ്റ്യാനോയ്ക്ക് പകരം പിന്നീട് റാമോസ് ഇറങ്ങി.

അത് ഹാട്രിക്ക് ?

ലിച്ചെൻസ്റ്റനെതിതിരെ ക്രിസ്റ്റ്യാനോ ഹാട്രിക്കിന് അർഹനാണെന്ന അവകാശവാദവുമായി ആരാധകർ. എട്ടാം മിനിട്ടിൽ യാവോ കാൻസെലോ നേടിയ ഗോൾ വലയിൽ കയറുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോയുടെ കാലിൽ തട്ടിയിരുന്നെന്നാണ് ആരാധകർ അവകാശപ്പെട്ടത്. എന്നാൽ റഫറി കാൻസെലോയ്ക്കാണ് ഗോൾ അനുവദിച്ചത്.

197

തന്റെ 197-ാമത് അന്താരാഷ്ട്ര മത്സരത്തിനാണ് ക്രിസ്റ്റ്യാനോ ലിച്ചെൻസ്റ്റനെതിരെ ഇറങ്ങിയത്. 196 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കുവൈറ്റി താരം അൽ ബദർ മുത്താവയുടെ റെക്കാഡാണ് ക്രിസ്റ്റ്യാനോ തിരുത്തിയെഴുതിയത്.

120

രാജ്യത്തിനായി ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം.100 മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ സ്കോർ ചെയ്തു.

2003

ലാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിന്റെ കുപ്പായത്തിൽ ആദ്യ മത്സരം കളിച്ചത്.

5

ലോകകപ്പുകളിൽ ഗോൾ നേടിയ ഏക താരമാണ് ക്രിസ്റ്റ്യാനോ.

റെക്കാഡുകൾ എന്നും എനിക്ക് പ്രചോദനമാണ്. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇവിടം കൊണ്ട് നിറുത്താൻ ഉദ്ദേശിക്കുന്നില്ല.

- ക്രിസ്റ്റ്യാനോ റൊണാൾഡോ