ഇറ്റലിക്ക് ഇംഗ്ളീഷ് ഇരുട്ടടി

Friday 24 March 2023 10:21 PM IST

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ളണ്ട് 2-1ന് ഇറ്റലിയെ തോൽപ്പിച്ചു

കഴിഞ്ഞ യൂറോ കപ്പ് ഫൈനൽ തോൽവിക്ക് ഇംഗ്ളണ്ടിന്റെ പ്രതികാരം

നേപ്പിൾസ് : കഴിഞ്ഞ യൂറോ കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ തങ്ങളെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചിരുന്ന ഇറ്റലിയെ ഇത്തവണ യൂറോ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ തോൽപ്പിച്ച് ഇംഗ്ളണ്ടിന്റെ പ്രതികാരം. ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ളണ്ടിന്റെ ജയം.

ആദ്യ പകുതിയിൽ രണ്ട് ഗോളുകളും നേടിയ ഇംഗ്ളണ്ടിനെതിരെ രണ്ടാം പകുതിയിൽ ഇറ്റലി ഒരു ഗോൾ തിരിച്ചടിച്ചിരുന്നു. എന്നാൽ ചുവപ്പുകാർഡ് കണ്ട് മടങ്ങിയ ലൂക്ക് ഷാ ഇല്ലാതെ അവസാന പത്തുമിനിട്ട് പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും സമനില പോലും വഴങ്ങാൻ ഇംഗ്ളണ്ട് തയ്യാറായിരുന്നില്ല.

13-ാം മിനിട്ടിൽ ഡേഷ്യൻ റീസിലൂടെയാണ് ഇംഗ്ളണ്ട് ആദ്യ ഗോളടിച്ചത്. 44-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാരി കേൻ ലീഡ് ഉയർത്തി.56-ാം മിനിട്ടിൽ മാറ്റിയോ റെതേഗുയിയാണ് ഇറ്റലിക്ക് വേണ്ടി സ്കോർ ചെയ്തത്.രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് ലൂക്ക് ഷാ 80-ാം മിനിട്ടിൽ തിരിച്ചുനടന്നത്.

54

ഇറ്റലിക്കെതിരായ പെനാൽറ്റി ഗോളോടെ നായകൻ ഹാരി കേൻ ഇംഗ്ളണ്ടിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കാഡിന് അർഹനായി. 53 ഗോളുകൾ നേടിയിരുന്ന വെയ്ൻ റൂണിയുടെ റെക്കാഡാണ് കേൻ തകർത്തത്. രാജ്യത്തിനായി കേനിന്റെ 81-ാം മത്സരമായിരുന്നു ഇത്.

ഡെന്മാർക്കിന് ജയം

കഴിഞ്ഞ ദിവസം ആരംഭിച്ച യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ ഡെന്മാർക്കും വടക്കൻ അയർലാൻഡും സ്ളൊവേനിയയും വിജയം നേടി. ഡെന്മാർക്ക് 3-1ന് ഫിൻലാൻഡിനെയാണ് തോൽപ്പിച്ചത്. റാസ്മസ് ഹോയൂണ്ടിന്റെ ഹാട്രിക്കാണ് ഡെന്മാർക്കിന് വിജയം നൽകിയത്.21,82,90+3 മിനിട്ടുകളിലായാണ് റാസ്മസ് സ്കോർ ചെയ്തത്. സ്ളൊവേനിയ 2-1ന് കസാഖിസ്ഥാനെയും നോർത്തേൺ ഐലൻഡ് 2-0ത്തിന് സാൻമാരിനോയെയുമാണ് തോൽപ്പിച്ചത്.