സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ കുടിവെള്ള പരിശോധനയ്ക്ക് ഓപ്പറേഷൻ പ്യുവ‌ർ വാട്ടർ സ്ക്വാഡ്

Saturday 25 March 2023 1:25 AM IST

കൊച്ചി: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ കുപ്പിവെള്ള നിർമ്മാണ ശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി​. വെള്ളത്തിന് ക്ഷാമം ഏറിയതോടെ ഗുണമേന്മയില്ലാത്തതും മലിനമായതുമായ വെള്ളം വിതരണത്തിന് എത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കർശനപരിശോധന.

ഓപ്പറേഷൻ പ്യുവ‌ർ വാട്ടർ എന്ന പേരിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. കടകളിൽ വിൽക്കുന്ന കുപ്പിവെള്ളം, നിർമ്മാണ യൂണിറ്റുകൾ, കുപ്പികളിലെ ജ്യൂസ് ഉത്പന്നങ്ങൾ, ഐസ് എന്നിവയാണ് പരിശോധിക്കുന്നത്.

അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നത് തടയാനുമാണ് പരിശോധന.

ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ

# ഐ.എ.എസ് മുദ്ര‌യുള്ള കുപ്പിവെള്ളവും കാനുകളും വാങ്ങുക

#അടപ്പ് തുറന്നതോ സീൽപൊട്ടിച്ചതോയായ വെള്ളം വാങ്ങരുത്

# വെയിലത്ത് വച്ച ശീതളപാനിയങ്ങളും കുപ്പിവെള്ളവും വാങ്ങരുത്

കടക്കാർ ശ്രദ്ധിക്കാൻ

ജ്യൂസുകൾ നി‌ർമ്മിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. ആറുമാസം കൂടുമ്പോഴും വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കണം. സർട്ടിഫിക്കറ്റ് എൻ.എ.ബി.എൽ അക്രിഡിറ്റഡ് ലാബിൽ പരിശോധിച്ചതാവണം. ഇത്തരം കടകൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസ് ഉണ്ടാവണം. നാരങ്ങ പിഴിയാൻ ഉപയോഗിക്കുന്ന ഉപകരണം, മറ്റ് പാത്രങ്ങൾ, കത്തി, കട്ടിംഗ് ബോർഡ് അണുവിമുക്തമാക്കണം. ഗ്ലൗസ് പരമാവധി ഉപയോഗിക്കണം. തൊലികളയാൻ സാധിക്കുന്ന പഴങ്ങൾ തൊലികളഞ്ഞ് ഉപയോഗിക്കണം, പഴങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴുകണം.

അംഗീകൃത ഫാക്ടറികളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവു. ജ്യൂസ് ഉണ്ടാക്കുന്നയാളുടെ ആരോഗ്യ സർട്ടിഫിക്കറ്റ് കടകളിൽ സൂക്ഷിക്കണം. വ്യക്തി ശുചിത്വം പാലിക്കണം. കേടായ പഴങ്ങൾ ജ്യൂസ് ഉണ്ടാക്കുന്നത് നിത്യസംഭവമാണ്. ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉപഭോക്താവിന്റെ മുന്നിൽ വച്ച് തന്നെ ഫ്രഷ് ആയി ജ്യൂസ് ഉണ്ടാക്കി നൽകണം. സ്ഥാപനവും സ്ഥാപനത്തിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കണം.

നിർജലീകരണം ശ്രദ്ധിക്കണം

ചൂട് കാലമായതിനാൽ നിർജലീകരണത്തിന് സാദ്ധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കണം. നന്നായി വെള്ളംകുടിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങളും മൂത്രാശയ രോഗങ്ങളും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. കടകളുടെ പുറത്തുള്ള, വാഹനത്തിൽ കൊണ്ടുനടക്കുന്നതും വെയിലേൽക്കുന്നതുമായ വെള്ളം വാങ്ങിക്കുടിക്കുന്നത് ഒഴിവാക്കണം. വെയിലേൽക്കുമ്പോൾ കുപ്പിവെള്ളത്തിൽ കെമിക്കലുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഐസ് നിർമ്മാണ പ്ലാന്റുകളിൽ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഐസ് പ്ലാന്റുകളിലെ വെള്ളം ആറ് മാസത്തിനിടയ്ക്ക് പരിശോധിക്കേണ്ടതാണ്.

''സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം വന്ന ശേഷം ആവശ്യമായ നടപടി എടുക്കും.

ജോൺ വിജയകുമാർ, ഡെപ്യൂട്ടി കമ്മിഷണർ,

ഭക്ഷ്യസുരക്ഷ വകുപ്പ്