എൻ.ഡി.എ സെക്രട്ടേറിയറ്റ് മാർച്ച് 27ന്
Saturday 25 March 2023 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ ദേശീയ ജനാധിപത്യസഖ്യം 27ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് എൻ.ഡി.എ ചെയർമാൻ കെ.സുരേന്ദ്രൻ അറിയിച്ചു. ഇന്ധനനികുതി വർദ്ധനവും വിലക്കയറ്റവും ഉൾപ്പെടെയുള്ള ജനവിരുദ്ധ നയങ്ങളിൽ നിന്നും പിണറായി സർക്കാർ പിൻമാറണമെന്ന് എൻ.ഡി.എ ആവശ്യപ്പെട്ടു.സ്വർണക്കള്ളക്കടത്തും ലൈഫ്‌മിഷൻ കോഴയും ബ്രഹ്മപുരം മാലിന്യനിർമ്മാർജ്ജനത്തിലെ തട്ടിപ്പും ഉൾപ്പെടെയുള്ള നിരവധി അഴിമതിക്കേസുകളിൽ മുങ്ങിനിൽക്കുന്ന സർക്കാരാണിത്. കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുകയും വികലമാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷസർക്കാരിന്റെ നയം തിരുത്തണം. സ്ത്രീകൾക്കും ആദിവാസി,ദളിത് വിഭാഗങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.