ഇ.ഡി, സി.ബി.ഐ കേസും അറസ്റ്റും കേന്ദ്രം വേട്ടയാടുന്നു : സുപ്രീം കോടതിയിൽ പ്രതിപക്ഷ ഹർജി
ന്യൂഡൽഹി : കേന്ദ്രസർക്കാർ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിരന്തരം വേട്ടയാടുന്നുവെന്നും, ജനാധിപത്യം അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കം 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് നിലപാടെടുത്ത തൃണമൂൽ കോൺഗ്രസും ഹർജിയിൽ കക്ഷിയായി.
രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി, വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇ.ഡിയെയും സി.ബി.ഐയെയും കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന വികാരമാണ്, 42%വോട്ട് നേടിയ പ്രതിപക്ഷ പാർട്ടികൾക്ക്. കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്യുന്ന 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. 2014ന് മുൻപത്തെയും, ശേഷവുമുളള കണക്കുകളിൽ ഇത് വ്യക്തമാണ്. ഇ.ഡിയെയും സി.ബി.ഐയെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കി. അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവയ്‌ക്ക് മാർഗരേഖ പുറപ്പെടുവിക്കണമെന്നും അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടു.
ഏപ്രിൽ 5ന് വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉറപ്പ് നൽകി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ഡി.എം.കെ, ആർ.ജെ.ഡി, ഭാരത് രാഷ്ട്ര സമിതി, എൻ.സി.പി, ജാർഖണ്ഡ് മുക്തി മോർച്ച, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാർട്ടി, ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കുരുക്കിലായ പ്രതിപക്ഷ നേതാക്കൾ
മനീഷ് സിസോദിയ
ആം ആദ്മി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും.ഡൽഹി മദ്യനയക്കേസിൽ തീഹാർ ജയിലിലാണ്. ഇ.ഡിയും സി.ബി.ഐയും കേസെടുത്തിരുന്നു.
കെ. കവിത
തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി അദ്ധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ. ഡൽഹി മദ്യനയക്കേസിൽ ഇ.ഡി. മൂന്ന് തവണയും, സി.ബി.ഐ ഒരു തവണയും ചോദ്യം ചെയ്‌തു.
തേജസ്വി യാദവ്
ബീഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവും. ഐ.ആർ.സി.ടി.സി അഴിമതിക്കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ബി.ഐ സമൻസ്. ബന്ധുക്കളുടെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തി.
സത്യേന്ദർ ജെയ്ൻ
ആം ആദ്മി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മേയ് മുതൽ തീഹാർ ജയിലിൽ.