മൂന്ന് ദേശീയപാതകളിൽ ബി പി സിഎൽ 19 വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ

Saturday 25 March 2023 3:02 AM IST

കൊച്ചി: കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ 15 ദേശീയപാത ഇടനാഴികളിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) 110 വൈദ്യുതവാഹന അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. കേരളത്തിൽ മൂന്നു പാതകളിൽ 19 സ്റ്റേഷനുകളാണ് ആരംഭിച്ചത്. ബി.പി.സി.എല്ലിന്റെ പമ്പുകളിലാണ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. ദേശീയപാതകളിൽ ദീർഘദൂരയാത്ര ചെയ്യുന്നവർക്ക് അനായാസമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് ബി.പി.സി.എൽ സൗത്ത് റീട്ടെയിൽ മേധാവി പുഷ്പ്കുമാർ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൃത്തിയുള്ള ടോയ്ലറ്റുകൾ, ഭക്ഷണശാലകൾ എന്നിവയും അനുബന്ധായി ഒരുക്കിയിട്ടുണ്ട്. തീർത്ഥാടന, ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഇടനാഴി ഒരുക്കിയത്. 30 കിലോവാട്ട് ശേഷിയുള്ളതിനാൽ 30 മിനിറ്റിനകം 100 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ചെയ്യാൻ കഴിയും.

തമിഴ്നാട്ടിൽ 10 ഇ‌ടനാഴികളിൽ 58 സ്റ്റേഷനും കർണാടകത്തിൽ ആറ് ഇടനാഴികളിൽ 33 സ്റ്റേഷനുകളുമാണ് തുറന്നത്. രാജ്യവ്യാപകമായി 21 ദേശീയപാതകളിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു. 2024 മാർച്ചോടെ 200 പാതകളിൽ സ്റ്റേഷനുകൾ സ്ഥാപിക്കും. വൈദ്യുത വാഹനങ്ങളുടെ വളർച്ച വർദ്ധിപ്പിക്കാൻ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് നടന്ന ചടങ്ങിൽ ബി.പി.സി.എൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.എസ്. രവി ഉദ്ഘാടനം നിർവഹിച്ചു. കേരള റീട്ടെയ്ൽ മേധാവി ഡി. കന്നബിരൺ, ചീഫ് ജനറൽ മാനേജർ സുബൻകർ സെൻ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ ഇടനാഴികൾ, സ്റ്റേഷൻ

എറണാകുളം- കോഴിക്കോട് -കാസർകോട് -8

കോഴിക്കോട് - വയനാട് -5

എറണാകുളം - തൃശൂർ - പാലക്കാട് -6

ഒരുവർഷത്തിനകം

കൊച്ചി - തിരുവനന്തപുരം - കന്യാകുമാരി

കൊച്ചി - മൂന്നാർ

കൊച്ചി - തേക്കടി

അങ്കമാലി - തിരുവനന്തപുരം (എം.സി റോഡ്)