എം.പി ഇല്ലാതെ വയനാട്

Saturday 25 March 2023 12:58 AM IST

കൽപ്പറ്റ: മൃഗീയ ഭൂരിപക്ഷം നൽകിയാണ് രാഹുൽ ഗാന്ധിയെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ജനങ്ങൾ വിജയിപ്പിച്ചയച്ചത്. എന്നാൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് വയനാടിന് എം.പി ഇല്ലാതായി.

വയനാട് പാർലമെന്റ് മണ്ഡലം രാജ്യത്തെ വി.ഐ.പി മണ്ഡലങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ദേശീയ നേതാവായ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്തത് തന്നെ കാരണം. 2019 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 706,367 വോട്ട് നേടിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാന എതിരാളിയായ എൽ.ഡി.എഫിലെ പി.പി. സുനീറിന് 2,74 ,597 വോട്ട് മാത്രമാണ് ലഭിച്ചത്.യു.പിയിലെ അമേതിക്ക് പുറമേ , സുരക്ഷിത മണ്ഡലമെന്ന നിലയ്ക്കാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ ടി. സിദ്ദിഖ് രാഹുൽ ഗാന്ധിക്ക് വേണ്ടി

പിന്മാറുകയായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ തുഷാർ

വെള്ളാപ്പള്ളിയും മത്സരിച്ചിരുന്നു. വയനാട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ,ഏറനാട്, വണ്ടൂർഎന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വയനാട് പാർലമെന്റ് സീറ്റ്.

എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ വയനാട്ടിലെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആളുകളെ കാണാനാണ് രാഹുൽഗാന്ധി എത്തിയത്. പുത്തുമല ഉരുൾ പൊട്ടലിൽ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനെത്തി. കൊവിഡ് വ്യാപനമാരംഭിച്ചതോടെ രാഹുൽ ഗാന്ധി മണ്ഡലത്തിലേക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിച്ചിരുന്നു. എന്നാൽ ആദ്യ ഒരു വർഷത്തിനുശേഷം മണ്ഡലത്തിലേക്ക് വരുന്നത് കുറഞ്ഞത് പ്രതിഷേധത്തിന് കാരണമായി. വയനാട്ടിലെ വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ബി.ജെ.പിയും സി.പി.എമ്മും കുറ്റപ്പെടുത്തി. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എം.പി ഓഫീസിലേക്ക് മാർച്ച് നടത്തി വാഴ സ്ഥാപിക്കുകയും, വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ മാർച്ച് 21ന് വയനാട്ടെത്തിയ രാഹുൽ ഗാന്ധി ഏഴു പരിപാടികളിൽ പങ്കെടുത്തിരുന്നു.

.

Advertisement
Advertisement