പെൻഷൻ പദ്ധതി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ

Saturday 25 March 2023 1:58 AM IST

ന്യൂഡൽഹി: പെൻഷൻ പദ്ധതി പരിഷ്‌കരിക്കുന്നത് പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പരിഷ്‌കരണ തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് നടപടി സ്വീകരിക്കുക. പഴയ പെൻഷൻ സ്‌കീം(ഒ.പി.എസ്)​ നടപ്പാക്കാൻ വിവിധ സംസ്ഥാനങ്ങൾ ശ്രമിക്കവേയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ജീവനക്കാരുടെ താല്പര്യം മുൻനിർത്തിയുളള തീരുമാനമാകും ഇക്കാര്യത്തിലുണ്ടാവുകയെന്ന് സാമ്പത്തിക നയം ലോക് സഭയിൽ അവതരിപ്പിക്കവേ ധനമന്ത്രി അറിയിച്ചു.

രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് സർക്കാരുകൾ ഒ.പി.എസ് പുനഃസ്ഥാപിക്കാനൊരുങ്ങുകയാണ്. സമരത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാരും കഴിഞ്ഞ ആഴ്ച പെൻഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

ഒ.പി.എസ് പ്രകാരം അവസാനം ലഭിച്ച ശമ്പളത്തിന്റെ 50% ജീവനക്കാർക്ക് പെൻഷനായി ലഭിക്കും. മാത്രമല്ല, ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പെൻഷനായി നൽകുമ്പോൾ സർക്കാർ 14 ശതമാനം സംഭാവന ചെയ്യുന്നു. 2004-ൽ വാജ്പേയി സർക്കാറാണ് എൻ.പി.എസ് നടപ്പാക്കിയത്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം എൻ.പി.എസിലേക്ക് മാറ്റുന്നു. എൻ.പി.എസിനെതിരെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. എന്നാൽ പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറുന്നത് ഭാവിയിൽ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് ആർബിഐ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.