രാഹുലിന്റെ ജനസമ്മതിയിൽ ഭയക്കുന്നു : കെ.സി.വേണുഗോപാൽ
Saturday 25 March 2023 12:04 AM IST
ന്യൂഡൽഹി: മഹാഭാരതത്തിൽ അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയത് പോലെ രാഹുൽ ഗാന്ധിയെ ജയിലിലാക്കാൻ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ രാഹുലുണ്ടാക്കിയ ജനസമ്മതിയെ ബി.ജെ.പി ഭയക്കുന്നു. അദ്ദേഹത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയരാതിരിക്കാനുള്ള നീക്കങ്ങളാണിത്. അദ്ദേഹം പാർലമെന്റിൽ പറഞ്ഞതിൽ തെറ്റുണ്ടോയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെ. പാർലമെന്റിൽ അൺപാർലമെന്ററിയായി ഒരു പ്രയോഗവും നടത്തിയില്ല. അദാനി വിഷയത്തിലെ രാഹുലിന്റെ പ്രസംഗം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്ത ശേഷം അവകാശലംഘനത്തിന് നോട്ടീസ് നൽകിയത് എന്തിനാണ്. നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ജുഡിഷ്യറിക്കെതിരായി നിരന്തരം പരാമർശം നടത്തുന്ന നിയമന്ത്രിയെപ്പോലെയല്ലെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.