അർജുന്റെ വീടിന് തറക്കല്ലിട്ടു, പറഞ്ഞ വാക്കുപാലിച്ച് ഗണേഷ് കുമാർ എം.എൽ.എ , വീഡിയോ
പത്തനാപുരം: പത്തനാപുരം കമുകുംചേരി സ്വദേശി ഏഴാംക്ലാസുകാരൻ അർജുന് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കഴിഞ്ഞ ദിവസമാണ് അർജുനും അമ്മ അഞ്ജുവിനും വീട് വച്ച് നൽകുമെന്ന് ഗണേഷ് കുമാർ വാക്കുനൽകിയത്. ഇവരെ എം.എൽ.എ സന്ദർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, " നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാൻ പഠിപ്പിക്കും, എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാൻ നോക്കും. വീടും തരും. " ഗണേഷ് കുമാർ പറഞ്ഞു. ആ വാക്കാണ് അദ്ദേഹം പാലിച്ചത്.
വീടിന്റെ തറക്കല്ലിടൽ കർമ്മം എം.എൽ.എ നിർവഹിച്ചു. നിർമ്മിക്കാൻ പോകുന്ന വീടിന്റെ ചിത്രങ്ങളും എം.എൽ.എ അർജുനെ കാണിച്ചു. സന്തോഷത്താൽ അർജുൻ ഗണേഷ് കുമാറിനെ ചേർത്തുപിടിച്ച് ഉമ്മ നൽകി. താനൊരു നിമിത്തം മാത്രമാണെന്നും ദൈവമാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. ഞാനല്ല ഈ വീട് നിർമ്മിച്ചു നൽകുന്നത്. എന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
കമുകുംചേരിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷ് അർജുന്റെ കാര്യം ഗണേഷ് കുമാറിനോട് പറയുന്നത്. പഠനത്തിൽ മിടുക്കനായ അർജുന് അമ്മ മാത്രമേയുള്ളൂവെന്നും നല്ല വീടില്ലെന്നും സുനിത പറഞ്ഞു. തുടർന്നായിരുന്നു എം,എൽ.എയുടെ ഇടപെടൽ.