മായ അനിൽകുമാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Friday 24 March 2023 11:35 PM IST

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി മായ അനിൽകുമാർ ചുമതലയേറ്റു. പുളിക്കീഴ് ഡിവിഷനിൽ നിന്നുള്ള അംഗമായ മായ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധിയാണ്. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് പേര് നിർദേശിക്കുകയും രാജി പി.രാജപ്പൻ പിന്താങ്ങുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടി നടന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എ.ഡി.എം ബി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

ഇടതുമുന്നണിയിലെ ധാരണ പ്രകാരം ജനതാദൾ എസിലെ സാറാ തോമസ് രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ധാരണ പ്രകാരം ഒരു വർഷത്തേക്കാണ് മായ വൈസ് പ്രസിഡന്റായത്.