പ്രാർത്ഥനയോടെ വ്രതശുദ്ധിയുടെ ആദ്യ വെള്ളി

Saturday 25 March 2023 12:43 AM IST

മഞ്ചേരി: വ്രത വിശുദ്ധിയുടെ നിറവിൽ റംസാനിലെ ആദ്യ വെള്ളിയാഴ്ച്ച പള്ളികൾ പ്രാർത്ഥനാ നിർഭരമായി. റംസാനേകുന്ന വിശുദ്ധി ജീവിതത്തിൽ പകർത്താൻ ഇമാമുമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. റംസാൻ പിറന്ന് രണ്ടാം ദിവസം തന്നെ എത്തിയ വെള്ളിയാഴ്ച വിശ്വാസികൾ പ്രാർഥനകളാൽ അർത്ഥപൂർണ്ണമാക്കി. ജുമുഅ നമസ്‌കാരത്തിനായി വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിലെത്തിയിരുന്നു. വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്ത് അവർ നമസ്‌കാര ഹാളിൽ നിറഞ്ഞു. ജുമുഅ നമസ്‌കാരത്തിന് അഭൂതപൂർവ്വമായ തിരക്കാണ് മിക്ക പള്ളികളിലും അനുഭവപ്പെട്ടത്. പള്ളികൾ നിറഞ്ഞു കവിഞ്ഞതോടെ വരാന്തകളിൽ വരെ നമസ്‌ക്കരിക്കുന്നവരെ കാണാമായിരുന്നു. സ്വന്തം മഹലിലെ പള്ളികളിലാണ് മിക്കവരും റംസാനിലെ ആദ്യ വെള്ളിയിൽ ജുമുഅ നമസ്‌കരിക്കാനെത്തിയത്. പള്ളികളിൽ ഇമാമുമാരുടെ പ്രത്യേക ഉദ്‌ബോധന പ്രഭാഷണങ്ങളുമുണ്ടായിരുന്നു. വ്രതാനുഷ്ഠാനത്തോടൊപ്പം സഹജീവികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി പരിഹരിക്കാൻ മുന്നിട്ടിറങ്ങണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുണ്ടാകണമെന്നും ഇമാമുമാർ ഉണർത്തി.