രാഹുലിന്റെ അയോഗ്യത , വയനാട്ടിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നീതി നിഷേധമാകും: നിയമവിദഗ്ദ്ധർ

Saturday 25 March 2023 12:50 AM IST

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി തിരക്കിട്ട് വിജ്ഞാപനമിറക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിൽ ധൃതി പിടിച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് നീതിനിഷേധമാവുമെന്ന് നിയമവിദഗ്ദ്ധർ.

അയോഗ്യതയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയയ്‌ക്കാത്തതിൽ കോൺഗ്രസ് നേതാവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി വിമർശനമുന്നയിച്ചു. അയോഗ്യതയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം 102 (1)( ഇ ) പ്രകാരമാണ് രാഹുലിനെതിരെ തീരുമാനമെടുത്തത്. അനുച്ഛേദം 103 പ്രകാരം അയോഗ്യതയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയയ്ക്കണമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം രാഷ്‌ട്രപതി തീരുമാനിക്കുമായിരുന്നു എന്നാണ് സിംഗ്‌വി പറഞ്ഞത്.

ലില്ലി തോമസ് വിധി പ്രകാരം രണ്ട് വർഷമോ കൂടുതലോ ശിക്ഷ ലഭിക്കുന്ന കേസുകളിൽ ഉടനടി അയോഗ്യരാകും. വിധി വന്നയുടൻ തന്നെ രാഹുൽ ഗാന്ധി അയോഗ്യനായെന്ന് നിയമവിദഗ്ദ്ധർ പറയുന്നുണ്ട്. അതിനാൽ കോടതി ശിക്ഷിച്ച കേസിൽ സാങ്കേതികമായി വിജ്ഞാപനം ഇറക്കുകയാണ് ലോക്‌സഭ സെക്രട്ടേറിയറ്ര് ചെയ്‌തത്രേ.

തിരഞ്ഞെടുപ്പ് കമ്മിഷൻ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും ഉണ്ട്. ലില്ലി തോമസ് വിധിയിലെ നിരീക്ഷണത്തിൽ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് പത്മനാഭൻ പറഞ്ഞു. ആദ്യ അപ്പീൽ നിയമപരമായ അവകാശമാണ്. അതിന് സാവകാശം അനുവദിച്ചില്ലെങ്കിൽ അനീതിയായി വ്യാഖ്യാനിക്കപ്പെടും. ഗുരുതരമല്ലാത്ത, രണ്ട് വർഷം മാത്രം ശിക്ഷ ലഭിച്ച കേസിൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി മരവിപ്പിക്കാനാണ് സാധാരണനിലയിൽ സാധ്യത. സ്റ്രേ ലഭിച്ചാൽ സ്വാഭാവികമായി എം.പി. സ്ഥാനം പുനഃസ്ഥാപിക്കപ്പെടും. സ്റ്രേ കിട്ടുമോ എന്ന് കാത്തിരിക്കുന്നതാണ് ഭൂഷണം. അതിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ജനവിധിയോടുളള വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെടും. അത് രാഹുലിന് നീതി നിഷേധത്തിന് കാരണമാകും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, അപ്പീലിൽ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്‌താൽ രാഹുലിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാവാമെന്നും അഡ്വ. പ്രശാന്ത് പത്മനാഭൻ പറഞ്ഞു.