ഗവർണർക്ക് തിരിച്ചടി,​ കേരള സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് റദ്ദാക്കി

Saturday 25 March 2023 12:29 AM IST

കൊച്ചി: കേരള സർവകലാശാല സെനറ്റിലെ 15 നോമിനേറ്റഡ് അംഗങ്ങളെ പുറത്താക്കിയ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയെയും കൺവീനറെയും നിയമിച്ച നടപടിയും ജസ്റ്റിസ് സതീഷ് നൈനാൻ റദ്ദാക്കിയിട്ടുണ്ട്. ഗവർണറുടെ പ്രീതി നഷ്ടമായതുകൊണ്ടാണ് നടപടിയെന്ന വാദവും തള്ളി. ഇത് സർവകലാശാലാ ചട്ടങ്ങൾ പാലിക്കാതെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കുന്നതിൽ ഗവർണറുമായുള്ള തർക്കമാണ് പുറത്താക്കലിനു കാരണമായത്. ഗവർണറുടെ നിർദ്ദേശ പ്രകാരം സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയായി ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ ഡോ. വി.കെ. രാമചന്ദ്രനെ ശുപാർശ ചെയ്തിരുന്നു. അദ്ദേഹം പിന്മാറിയതോടെ പുതിയ അംഗത്തെ കണ്ടെത്തേണ്ടിവന്നു. ഇതിനു സമയം നൽകാതെ ഗവർണർ തിരക്കിട്ട് സെനറ്റിന്റെ പ്രതിനിധിയില്ലാതെ കമ്മിറ്റിക്ക് രൂപം നൽകിയെന്നും ഇതു സർവകലാശാലാ നിയമത്തിനും യു.ജി.സി മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

പുറത്താക്കും മുമ്പ് അംഗങ്ങളെ കേൾക്കേണ്ടതില്ലെന്നും നോമിനേറ്റ് ചെയ്ത അംഗങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെപ്പോലെ തുടരാനാവില്ലെന്നുമുള്ള ഗവർണറുടെ വാദം കോടതി തള്ളി.