ചത്ത കോഴികളെ വിൽപ്പന നടത്തിയതായി പരാതി
Saturday 25 March 2023 12:32 AM IST
കുന്നിക്കോട് : കുന്നിക്കോട്ടെ കോഴിക്കടയിൽ ചത്ത കോഴിയെ ഇറച്ചിയാക്കി വിൽപ്പന നടത്തിയെന്ന് പരാതി. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിളക്കുടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധയിൽ കോഴിയെ ഡ്രസ് ചെയ്യുന്നതിന്റെ സമീപത്തായി ചത്ത കോഴികളെ കണ്ടെത്തി. കൂടാതെ കോഴി ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ചതായും കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുന്നിക്കോട് പൊലീസും സ്ഥലത്തെത്തി. പ്രദേശത്തെ മറ്റ് കോഴിക്കടകളെ അപേക്ഷിച്ച് വില കുറച്ച് വിൽപ്പന നടത്തി വന്നതാണ് സംശയത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. പത്തനാപുരം ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് കട പൂട്ടി സീൽ ചെയ്തു.