കോഴിക്കോട് വൻ പ്രതിഷേധം; സംഘർഷം, അക്രമാസക്തം
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം
കോഴിക്കോട് : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. ഇന്നലെ രാത്രി ഒമ്പതരയോടെ മിഠായ് തെരുവ് എസ്.കെ പ്രതിമയ്ക്ക് സമീപത്തു നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് രാത്രി ഒമ്പതിന് നടത്തിയ മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരത്തോളം പ്രവർത്തകർ പങ്കെടുത്തു.
റെയിൽവേ സ്റ്റേഷനിനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ റെയിൽവേ പൊലീസ് തടയാൻ ശ്രമിച്ചതോടെ പ്രതിഷേധം കനത്തു. കൂടുതൽ പൊലീസെത്തി പലവട്ടം ലാത്തിവീശി. പൊലീസ് ഉദ്യോഗസ്ഥർക്കും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, കെ.എം. അഭിജിത്ത് ഉൾപ്പെടുയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സ്റ്റേഷനുള്ളിലും പ്രതിഷേധം തുടർന്നു. നേതാക്കൾക്ക് പരിക്കേറ്റതോടെ റെയിൽവേ സ്റ്റേഷനിൽ സംഘർഷം വർദ്ധിച്ചു.
പരിക്കേറ്റ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിനെ ടി. സിദ്ദിഖ് എം.എൽ.എയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ, കെ.പി.സി.സി ജന.സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, എൻ.എസ്. യു ജന. സെക്രട്ടറി കെ.എം. അഭിജിത്ത്, ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു, ആർ. ഷഹിൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചും പ്രതിഷേധിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തെ നരേന്ദ്രമോദിയുടെ ഫ്ലക്സും ബി.ജെ.പി കോടികളും കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു.