വർണ്ണപ്പകിട്ടോടെ കൊറ്റംകുളങ്ങര ചമയ വിളക്കെടുപ്പ്

Saturday 25 March 2023 12:39 AM IST

ചവറ: ചരിത്ര പ്രസിദ്ധമായ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചമയ വിളക്കെടുപ്പ് മഹോത്സവം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന ചമയവിളക്കെടുപ്പിന് ആയിരങ്ങളാണ് സ്ത്രീവേഷം ധരിച്ച് അണിനിരന്നത്. സ്ത്രീവേഷ ധാരികളായ പുരുഷന്മാർ വർണാഭമായ പട്ട് വസ്ത്രങ്ങളും സെറ്റ് സാരികളും ധരിച്ച് ചമയവിളക്കുമായി അണിനിരന്നപ്പോൾ അഴകിന്റെ അവിസ്മരണീയ നിമിഷങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഉദ്ദിഷ്ട കാര്യസിദ്ധി, രോഗശാന്തി തുടങ്ങി ദേവിയോട് നേർന്നിരിക്കുന്ന പല നേർച്ചകൾ നിറവേറ്റാനാണ് ചമയ വിളക്കെടുപ്പിന് ഭക്തർ എത്തുന്നത്. നേർച്ചക്കാരായ പുരുഷന്മാർ ഭാര്യയോടൊപ്പവും ബാലന്മാർ രക്ഷിതാക്കൾക്കൊപ്പവും ചെറുപ്പക്കാർ സുഹൃത്തുക്കൾക്കൊപ്പവുമാണ് വിളക്കെടുപ്പിൽ പങ്കെടുത്തത്.

ഇന്നലെ ഉച്ചയോടെ തന്നെ നൂറ് കണക്കിനുപേർ ചമയവിളക്കിനായി എത്തിയിരുന്നു. ഇന്നും ഭക്തരെത്തും. ക്ഷേത്രത്തിൽ നിന്ന് അര കിലോ മീറ്രർ അകലെയുള്ള കുഞ്ഞാലുംമൂട് മുതൽ ആറാട്ട്കടവ് വരെ വിളക്ക് എഴുന്നള്ളിപ്പ് നീളും. കത്തിച്ച വിളക്കുകൾ കാണാൻ ഭഗവതിയുടെ എഴുന്നള്ളിപ്പ് ഉണ്ടാകും. വെളിച്ചപ്പാട് തുള്ളി എത്തുമ്പോഴേക്കും പുലർച്ചെ നാലോടടുക്കും. ഈ സമയം ദർശനത്തിനായി ദേവി സ്തുതികളോടെ ആയിരക്കണക്കിന് ഭക്തരെത്തും. വെളിച്ചപ്പാട് തിരിച്ച് ക്ഷേത്രത്തിൽ എത്തുന്നതോടെ ഉത്സവ ചടങ്ങുകൾ അവസാനിക്കും. ഓരോ വർഷവും ചമയ വിളക്കെടുക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരികയാണ്. അപൂർവ ആചാരം കാണാൻ നൂറുകണക്കിന് വിദേശികളും എത്തുന്നുണ്ട്.